മലയാള സിനിമയെ സംബന്ധിച്ച് ഒട്ടനവധി ഗുണപരമായ കാര്യങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2026. ആദ്യത്തെ ആറ് മാസം ഒട്ടനവധി ചിത്രങ്ങള്‍ റിലീസിനെത്തുകയും ഇതില്‍ ഭൂരിഭാഗവും വമ്പന്‍ വിജയം നേടുകയും ചെയ്തതോടെ ആയിരം കോടിയ്ക്ക് മുകളിലായിരുന്നു മോളിവുഡില്‍ നടന്ന ബിസിനസ്. 240 കോടിയിലധികം നേടി ദൃശ്യം 3യും ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വും നൂറുകോടി ക്ലബില്‍ ഇടം പിടിച്ച ആട് 3യും ഒപ്പം മികച്ച കളക്ഷനുമായി അതിരടി, മോഹിനിയാട്ടം, പേട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളും രംഗത്തെത്തിയതോടെ സിനിമാ പ്രേമികള്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതി ആഘോഷമാക്കുകയായിരുന്നു.
ഇതേ ആവേശം തുടര്‍ന്നും നല്‍കാന്‍ കെല്‍പുള്ള ചിത്രങ്ങളാണ് അടുത്ത മാസം മലയാളത്തില്‍ നിന്നും തിയേറ്ററുകളിലേക്കെത്തുന്നത്. ഇതില്‍ തന്നെ ഏവരും ഉറ്റുനോക്കുന്നതാകട്ടെ ഓണം ക്ലാഷിനെത്തുന്ന ചിത്രങ്ങളിലേക്കും. ബെത്‌ലഹേം കുടുംബ യൂണിറ്റ്, ഖലീഫ, ഐ ആം ഗെയിം തുടങ്ങി മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ആഗസ്റ്റ് 20, 21 തിയ്യതികളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങളില്‍ ഏതിനെങ്കിലും 2026ലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിക്കുമോ എന്നറിയാനാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. വമ്പന്‍ ഹൈപ്പിലെത്തുന്ന ചിത്രങ്ങളില്‍ ഏതിനായിരിക്കും ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകര്‍.
Photo: IMDB
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
2026ല്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രം മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം 3യാണ്. വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം അതിന്റെ ആദ്യ ദിനം തന്നെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി നേടിയത് 11 കോടി രൂപയിലധികമാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതാകട്ടെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പേട്രിയറ്റാണ്. 8.5 കോടിയോളമാണ് ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത്. ആറ് കോടിയുമായി അതിരടിയും 5.9 കോടിയുമായി ആട് 3യും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട് (ഓപ്പണിങ് ഡേ).
ഐ ആം ഗെയിം. Photo: Kerala TV
ആദ്യ അഞ്ചിനുള്ളിലേക്ക് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏതിനെങ്കിലും ഇടം പിടിക്കാന്‍ സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷ ഏവര്‍ക്കുമുണ്ട്. മൂന്ന് ചിത്രങ്ങളും വമ്പന്‍ ഹിറ്റടിക്കാന്‍ കെല്‍പുള്ള ചിത്രങ്ങളാണെങ്കിലും സ്‌ക്രീനുകളുടെ ലഭ്യതയിലുള്ള കുറവ് കളക്ഷനെ കാര്യമായി ബാധിച്ചേക്കാം. എങ്കിലും മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ഖലീഫയും 3 വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്കെത്തുന്ന ഐ ആം ഗെയിമും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. എങ്കിലും ഫൈനല്‍ കളക്ഷനില്‍ വിജയി ആയി പലരും പ്രവചിക്കുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റിനെയാണ്.
Content Highlight: Cinema Fans wait for Onam clash release