| Sunday, 19th July 2026, 1:05 pm

നോമിനേഷനിലേക്ക് വന്നതില്‍ സന്തോഷമുണ്ട്, സമയമുണ്ടെന്ന് ആസിഫ് അലി; കിഷ്‌കിന്ധാ കാണ്ഡം പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്ന് സിനിമാ പേജുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യയൊട്ടാകയുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ട് നടന്നത്. എഴുപത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ആഹ്ലാദിച്ചവരുടെ കൂട്ടത്തില്‍ മലയാള സിനിമാ പ്രേക്ഷകരും ഉണ്ടായിരുന്നു. മോളിവുഡിന്റെ കാരണവര്‍ മമ്മൂട്ടി കരിയറില്‍ നാലാമത്തെ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് ഉടമയായപ്പോള്‍ വലിയ ആവേശത്തിലായിരുന്നു സിനിമാ പ്രേമികള്‍ ഒന്നടങ്കം.

കിഷ്‌കിന്ധാ കാണ്ഡം . Photo: Hotstar

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രത്തിനായിരുന്നു പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയത്. എന്നാല്‍ മലയാളത്തിലെ തന്നെ പല നല്ല ചിത്രങ്ങളെയും പരിഗണിക്കാത്തതിലും പ്രേക്ഷകരില്‍ അമര്‍ഷമുയര്‍ന്നിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ചിത്രമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ചിത്രത്തിന് പുരസ്‌കാരം ഒന്നും തന്നെ കഴിഞ്ഞ ദിവസം നടന്ന പ്രഖ്യാപനത്തില്‍ ഇല്ലായിരുന്നു.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള നോമിനേഷനില്‍ ആസിഫ് അലിയും ഭാഗമായിരുന്നു. എന്നാല്‍ ഭ്രമയുഗത്തിലെ പെര്‍ഫോമന്‍സിന് മമ്മൂട്ടിയ്ക്കായിരുന്നു അവാര്‍ഡ്. ദേശീയ അവാര്‍ഡിനുള്ള നോമിനേഷനില്‍ ഉള്‍പ്പെട്ടത് വലിയ നേട്ടമായാണ് കണക്കാക്കിയതെന്നും മമ്മൂട്ടിയ്ക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ആസിഫ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചത്. തനിക്കിനിയും സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് അവാര്‍ഡുകളൊന്നും ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

പുഷ്പ 2. Photo: The Hindu

അതേസമയം പ്രക്ഷകരില്‍ നിന്നും വലിയ വിമര്‍ശനാണ് പുരസ്‌കാര സമിതിക്കെതിരെ ഉയരുന്നത്. വലിയ ട്രോളുകള്‍ക്ക് ഇരയായ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2വിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പരസ്‌കാരം നല്‍കിയതാണ് വിമര്‍ശനങ്ങളുടെ പ്രധാനകാരണം. പുഷ്പ 2വിനെക്കാള്‍ ഒരുപാട് മികച്ച് നില്‍ക്കുന്ന തിരക്കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേതെന്നും നല്ല ചിത്രങ്ങളെ മാറ്റിനിര്‍ത്തി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി പുരസ്‌കാരം സുകുമാറിന് നല്‍കിയതാണെന്നുമാണ് ആരോപണം.

Content Highlight: Cinema Fans talks express their disappointment in not getting awards for Kishkindha kandam movie starring Asif Ali

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more