ശിവകാര്‍ത്തികേയനെയും പ്രിയങ്കാ മോഹനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ തന്റെ ആദ്യ സംവിധാന സംരംഭ ചിത്രം ഡോണ്‍ നൂറു കോടി ക്ലബിലെത്തിച്ച് തമിഴ്‌നാട് സിനിമയിലേക്ക് തന്റെ വരവറിയിച്ച സംവിധായകനാണ് സിബി ചക്രവര്‍ത്തി. തമിഴകത്തിന്റെ തലൈവര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രജിനികാന്തിന്റെ അടുത്ത ചിത്രം തലൈവര്‍ 173 സംവിധാനം ചെയ്യാന്‍ പോകുന്നത് സിബിയാണെന്നും ഇതിനോടകം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സിബി ചക്രവര്‍ത്തി. Photo: screen grab/ Amrutha Bharathi/ x.com
രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മിച്ച് രജിനികാന്ത് നായകനാകുന്ന ചിത്രത്തിന് ഇതിനോടകം വലിയ ഹൈപ്പാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് അതികായര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യ ഘട്ടത്തില്‍ സംവിധായകരായ ലോകേഷ് കനകരാജിന്റയും സുന്ദര്‍. സിയുടെയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും പിന്നീട് സിബി ചിത്രം സംവിധാനം ചെയ്യുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സിബി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്നെക്കൊണ്ട് ചിത്രം സംവിധാനം ചെയ്യാന്‍ സാധിക്കുമോ എന്ന പലരുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സിബി ച്ക്രവര്‍ത്തിയുടെ വാക്കുകള്‍.
‘തലൈവര്‍ 173 യുടെ അനൗണ്‍സ്‌മെന്റിന് ശേഷം ആദ്യമായിട്ടാണ് ഒരു പൊതുപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത്. ചിത്രം ഞാനാണ് സംവിധാനം ചെയ്യുക എന്ന് അറിഞ്ഞതിന് ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ പ്രതീക്ഷിക്കാത്ത പലരുമാണ് എന്നെ വിളിച്ചത്. അതേസമയം ചിലര്‍ക്കെങ്കിലും എന്നെക്കൊണ്ട് ഈ ചിത്രം നല്ല രീതിയില്‍ സംവിധാനം ചെയ്യാന്‍ കഴിയുമോ എന്നും സംശയമുണ്ട്.
എന്നാല്‍ സ്‌നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ, ഒരു തലൈവര്‍ ആരാധകന്‍ എന്ന നിലയില്‍ തലൈവരുടെ ഫാന്‍സിനും കുടുംബത്തിനും തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും തലൈവര്‍ 173. ചിത്രം കണ്ടിറങ്ങി പുറത്തിറങ്ങുമ്പോള്‍ എല്ലാവരും സംതൃപ്തരായിരിക്കും, അത് ഞാന്‍ തരുന്ന ഉറപ്പാണ്,’ സിബി പറഞ്ഞു.
Photo: The Hollywood reporter India
ചിത്രത്തിന് വേണ്ടി ആദ്യഘട്ടത്തില്‍ സമീപിച്ചിരുന്ന ലോകേഷ് കനകരാജ് ഒന്നരമാസത്തോളം സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തതായും എന്നാല്‍ വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയ ചിത്രമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത് എന്നതിനാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം 2027 പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. റെഡ് ജയന്റ്‌സ് മൂവീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlight: Cibi Chakravarthy talks about his new directorial Thalaivar 173