| Saturday, 26th April 2025, 10:52 am

സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറുടെ മകന്‍ കൊല്ലപ്പെട്ടു; മരണം റഷ്യന്‍ പട്ടാളത്തിനായി ഉക്രൈനെതിരെ പോരാടുന്നതിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ഡെപ്യൂട്ടി ഡയറക്ടറുടെ മകന്‍ ഉക്രൈനിലെ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉക്രൈനില്‍വെച്ച് റഷ്യന്‍ സൈന്യത്തിന് വേണ്ടി പോരാടുന്നതിനിടെയാണ് 21 കാരനായ മൈക്കല്‍ അലക്‌സാണ്ടര്‍ ഗ്ലോസ് കൊല്ലപ്പെട്ടത്. റഷ്യന്‍ പട്ടാളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അലക്‌സാണ്ടര്‍ ഗ്ലോസിന്റെ മരണം.

2024 ഏപ്രില്‍ നാലിന് കിഴക്കന്‍ യൂറോപ്പില്‍ വെച്ചാണ് ഗ്ലോസ് അന്തരിച്ചതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രസിദ്ധീകരിച്ച അനുശോചന കുറിപ്പില്‍ പറയുന്നത്. എന്നാല്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തിനിടെയാണ് ഗ്ലോസ് മരിച്ചതെന്ന് കുറിപ്പില്‍ പറയുന്നില്ല. റഷ്യന്‍ മാധ്യമങ്ങളാണ് യുദ്ധത്തിലാണ് ഗ്ലോസ് മരിച്ചതെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

സി.ഐ.എയിലെ ഡിജിറ്റല്‍ ഇന്നോവേഷന്‍ ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജൂലിയന്‍ ഗാലിനയുടെ മകനാണ് മൈക്കല്‍ അലക്‌സാണ്ടര്‍ ഗ്ലോസ്.

ഇന്‍വെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ ഐസ്റ്റോറീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2022 ഫെബ്രുവരി മുതല്‍ റഷ്യന്‍ സൈന്യവുമായി കരാറില്‍ ഒപ്പുവച്ച 1,500ലധികം വിദേശികളില്‍ ഒരാളാണ് ഗ്ലോസ്. എന്റോള്‍മെന്റ് ഓഫീസിലെ ഡാറ്റാബേസ് ചോര്‍ന്നതിലൂടെയാണ് ആ വിവരം പുറത്ത് വന്നത്.

ഗ്ലോസിന്റേതെന്ന് കരുതുന്ന ഒരു റഷ്യന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വിവിരങ്ങള്‍ പ്രകാരം ഒരു മല്‍ട്ടിപോളാര്‍ ലോകത്തിന്റെ പിന്തുണക്കാരനായാണ് ഗ്ലോസ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് വീട് വിട്ടിറങ്ങി ലോകം ചുറ്റി സഞ്ചരിച്ചതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

ഫാസിസത്തെ വെറുക്കുന്നു, മാതൃരാജ്യത്തെ സ്‌നേഹിക്കുന്നു എന്നീ വിവരങ്ങളും റഷ്യയുടെയും ഫലസ്തീന്റെയും പതാകകളും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

റഷ്യന്‍ പട്ടാളത്തിലെ അസോള്‍ട്ട് യൂണിറ്റിന്റെ ഭാഗമായാണ് ഗ്ലോസ് പ്രവര്‍ത്തിച്ചിരുന്നത്. ഉക്രൈനിലെ യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഇത്. സോളെദാര്‍ നഗരത്തിനടുത്തുള്ള ഉക്രൈന്റെ പ്രദേശങ്ങള്‍ ആക്രമിക്കാന്‍ അയച്ച റഷ്യന്‍ വ്യോമസേനാ റെജിമെന്റിലെ പ്രവര്‍ത്തനത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

എന്നാല്‍ ഗ്ലോസിന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സൈന്യം അദ്ദേഹത്തിന് റഷ്യന്‍ പാസ്പോര്‍ട്ട് നല്‍കുമെന്നും ഇതുവഴി റഷ്യയയില്‍ തുടരാന്‍ അനുവദിക്കുമെന്നും കരുതിയാണ് അദ്ദേഹം സൈന്യത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന.

അതേസമയം റഷ്യയ്ക്ക് ഗ്ലോസിന്റെ പശ്ചാത്തലം അറിയാമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തന്റെ യൂണിവേഴിസിറ്റി പഠനത്തിനിടയില്‍ ലിംഗസമത്വത്തിനായും പരിസ്ഥിതി പ്രതിഷേധ മേഖലകളിലും സജീവമായിരുന്നു ഗ്ലോസ്.

ഇടതുപക്ഷ പരിസ്ഥിതി പ്രതിഷേധ ഗ്രൂപ്പായ റെയിന്‍ബോ ഫാമിലിയില്‍ അംഗമായ അദ്ദേഹം ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ ഇസ്രഈലിന് അമേരിക്ക പിന്തുണ നല്‍കിയതില്‍ അസന്തുഷ്ടനായിരുന്നു.

Content Highlight: CIA Deputy Director’s Son Killed; Died While Fighting for Russian Troops Against Ukraine

We use cookies to give you the best possible experience. Learn more