ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തില്‍ (എഫ്.സി.ആര്‍.എ) വരുത്തിയ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍. കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും ഈ ഭേദഗതിയില്‍ വിമര്‍ശനം അറിയിച്ചിട്ടുണ്ട്. കെ.സി.ബി.സിയും കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷനും ഭേദഗതിയില്‍ എതിര്‍പ്പും ആശങ്കകളും അറിയിച്ചു.
ഭരണഘടനാ ഭേദഗതിയില്‍ പ്രതിഷേധിച്ച് വരുന്ന ഞായറാഴ്ച (ജൂണ്‍ 28) രാജ്യവ്യാപകമായി പ്രാര്‍ത്ഥനാ യോഗം നടത്താന്‍ കത്തോലിക്കാ സഭ തീരുമാനിച്ചു. കത്തോലിക്ക മെത്രാന്‍ സമിതിയാണ് (സി.ബി.സി.ഐ) ഇക്കാര്യം അറിയിച്ചത്. എഫ്.സി.ആര്‍.എയിലെ പുതിയ ചട്ടങ്ങളിലൂടെ രാജ്യത്തെ സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി സി.ബി.സി.ഐ വിമര്‍ശിച്ചു.
എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം തടയുന്ന കടുത്ത നിബന്ധനകളാണ് ഭേദഗതിയിലുള്ളതെന്ന് സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാത്യു കോയിക്കല്‍ പറഞ്ഞു. സന്നദ്ധ സംഘടനകളെ കടുത്ത വ്യവസ്ഥകളില്‍ തളച്ചിടുന്ന വ്യവസ്ഥകളല്ല വേണ്ടത്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു കോയിക്കല്‍. ഇടക്കിടെ വരുന്ന നിയമ ഭേദഗതികള്‍ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഫ്.സി.ആര്‍.എ ഭേദഗതി മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ അഭിപ്രായപ്പെട്ടു. ബില്‍ സംശയാസ്പദമാണെന്നും ഓര്‍ത്തഡോക്‌സ് സഭ അഭിപ്രായപ്പെട്ടു. അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഭേദഗതിയിലെ വ്യവസ്ഥയോടും സഭ വിയോജിപ്പ് അറിയിച്ചു. ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് സഭ അഭിപ്രായപ്പെട്ടു.
തങ്ങള്‍ക്ക് എഫ്.സി.ആര്‍.എയില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും സഭ പ്രതികരിച്ചു. അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെും ഓര്‍ത്തഡോക്‌സ് സഭ അഭിപ്രായപ്പെട്ടു.
ഭേദഗതി പ്രകാരമുള്ള ചില ചട്ടങ്ങള്‍ സഭ നടത്തുന്ന സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും സംബന്ധിച്ച് ഗുരുതര ആശങ്കകള്‍ ഉയര്‍ത്തുന്നതായി കേരള കത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ മമൈക്കല്‍ പുളിക്കല്‍ അഭിപ്രായപ്പെട്ടു. പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ലംഘിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്താതെയാണ് നിയമ ഭേദഗതി തയ്യാറാക്കിയതെന്ന് കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) അഭിപ്രായപ്പെട്ടു. രാജ്യത്ത് സമാധാന പരമായും നിയമപരമായും പ്രവര്‍ത്തിക്കുന്ന സംഘടനകകളുടെ പ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വമുണ്ടാക്കുന്നതാണ് നിയമ ഭേദഗതിയെന്നും കെ.എല്‍.സി.എ ചൂണ്ടിക്കാട്ടി.
ഈ ചൊവ്വാഴ്ചയാണ് (ജൂണ്‍ 23) സര്‍ക്കാര്‍ എഫ്.സി.ആര്‍.എ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്തത്. എഫ്.സി.ആര്‍.എയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകളുടെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നും ഭേദഗതിയില്‍ പറയുന്നു. പൊതു ആവശ്യങ്ങള്‍ക്കായി ഫണ്ട് വാങ്ങാനാവില്ലെന്നും ചട്ടത്തില്‍ പറഞ്ഞിരിക്കുന്ന നിശ്ചിത പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ വിദേശ ഫണ്ട് വാങ്ങാനാവൂ എന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.
മതപരം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമ്പത്തികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായ 105 ആവശ്യങ്ങളാണ് പട്ടികയിലുള്ളത്. ഫണ്ട് ലഭിക്കാനായി ഇതില്‍ ഒരു ആവശ്യം തെരഞ്ഞെടുക്കേണ്ടി വരും. ഇതില്‍ മതപരമായ 16 പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഫണ്ട് സ്വീകരിക്കാന്‍ കഴിയുക. ഇത് ക്രൈസ്തവ സഭകള്‍ക്ക് ഫണ്ട് സ്വീകരിക്കാനുള്ള പരിധി പരിമിതപ്പെടുത്തും.
മത പരിവര്‍ത്തനം ആരോപിച്ച് വിദേശ ഫണ്ട് തടയാനും പുതിയ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. മതംമാറ്റം (റിലീജിയസ് കണ്‍വേര്‍ഷന്‍) എന്നതിന് പകരം മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം ( റിലീജിയസ് പ്രോസിലിറ്റൈസേഷന്‍) എന്ന വാക്കാണ് ചട്ട ഭേദഗതിയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ നിര്‍വചനം വഴി ഏത് പ്രവര്‍ത്തനത്തെയും മതം മാറ്റാനുള്ള ശ്രമമായി ചൂണ്ടിക്കാട്ടി ഫണ്ട് തടയാന്‍ സാധിക്കും.
Content Highlight:Churches rais concern over new FCRA , Announce Protest