ന്യൂദൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള റേസ് കോഴ്സ് പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി.
രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ മതവികാരങ്ങളെ കേന്ദ്ര ഭരണകൂടം പച്ചയായി അവഗണിക്കുകയാണെന്ന് വിമർശിച്ച അവർ, വിദേശങ്ങളിലെ പള്ളികളെ പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നാട്ടിലെ ചരിത്രപരമായ പള്ളിയുടെ നിലനിൽപ്പ് ഭീഷണിയിലാകുന്നതിൽ മൗനം പാലിക്കുകയാണെന്നും വിമർശിച്ചു.
തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലുള്ള ഈ ചരിത്രപ്രസിദ്ധമായ പള്ളിക്കെതിരെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് ആണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്.
നടപടിയുടെ ഭാഗമായി പള്ളിയിലേക്കുള്ള കുടിവെള്ള, വൈദ്യുതി വിതരണങ്ങൾ അധികൃതർ ഇതിനകം വിച്ഛേദിച്ചിട്ടുണ്ട്. ഒക്ടോബർ 19-ഓടെ പള്ളി മാനേജ്മെന്റിന് ലഭിച്ച നോട്ടീസിൽ, ആറ് ദിവസത്തിനകം പ്രദേശം ഒഴിഞ്ഞുപോകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
പ്രസ്തുത ഭൂമി കേന്ദ്ര സർക്കാരിന് കീഴിലുള്ള എൽ.ഡി.ഒയുടേതാണെന്നും ഇവിടെയുള്ള നിർമ്മാണം അനധികൃത കൈയേറ്റമാണെന്നുമാണ് ഔദ്യോഗിക നിലപാട്. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിലെ ഇരട്ടത്താപ്പിനെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമായും തുറന്നുകാട്ടിയത്.
വിദേശരാജ്യങ്ങളിലെ മുസ്ലിം പള്ളികൾ സന്ദർശിക്കുമ്പോൾ അവയുടെ വാസ്തുവിദ്യാ ഗാംഭീര്യത്തെയും പൈതൃകത്തെയും പ്രകീർത്തിക്കുകയും ഇസ്ലാമിക മൂല്യങ്ങളോട് ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, സ്വന്തം ഭരണത്തിന് കീഴിൽ 120 വർഷത്തിലേറെ പഴക്കമുള്ള ഒരു പൈതൃക പള്ളി പൊളിച്ചുനീക്കലിന്റെ വക്കിലെത്തുമ്പോൾ വിവേചനപരമായ സമീപനമാണ് പുലർത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
വിദേശങ്ങളിലെ പള്ളികളോടുള്ള ഈ ബഹുമാനവും സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വികാരങ്ങളോടുള്ള ഈ അവഗണനയും തമ്മിലുള്ള വൈരുദ്ധ്യം അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണെന്നും അവർ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപ് ഔദ്യോഗികമായി സന്ദർശിച്ച വിദേശത്തെ പ്രധാന പള്ളികളെല്ലാം എടുത്തുപറഞ്ഞായിരുന്നു മെഹ്ബൂബയുടെ വിമർശനം. ബ്രൂണെയിലെ ഉമർ അലി സൈഫുദ്ദീൻ പള്ളി, ഈജിപ്തിലെ ചരിത്രപ്രസിദ്ധമായ അൽ ഹാകിം പള്ളി, ഇന്തോനേഷ്യയിലെ ഇസ്തിഖ്ലാ പള്ളി, സിംഗപ്പൂരിലെ ജൂലിയ പള്ളി, ഒമാനിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് പള്ളി, അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് പള്ളി എന്നിവ മോദി സന്ദർശിച്ചതും പ്രശംസിച്ചതും അവർ ഓർമ്മിപ്പിച്ചു.
പുറംരാജ്യങ്ങളിൽ ഇസ്ലാമിക പൈതൃകങ്ങളോട് സൗഹൃദം പ്രകടിപ്പിക്കുന്ന ഭരണകൂടം തന്നെ, സ്വന്തം മണ്ണിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആരാധാനാലയത്തിന് നേരെ തിരിയുന്നത് പ്രതിഷേധാർഹമാണെന്ന് അവർ വ്യക്തമാക്കി.
അതേസമയം, പ്രദേശം പൂർണമായും സർക്കാർ ഭൂമിയാണെന്നും സർക്കാർ നിർദേശിച്ച കാലാവധിക്കുള്ളിൽ അനധികൃത നിർമ്മാണം ഒഴിപ്പിച്ചെടുക്കുമെന്നുമുള്ള കർശന നിലപാടിലാണ് കേന്ദ്ര ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ്.
Content Highlight:Churches’ heritage praised abroad, demolished in India: Mehbooba Mufti lashes out at the Centre.