| Thursday, 16th October 2025, 4:36 pm

ദേശീയപാതയ്ക്കായി പള്ളിയുടെ മതിലും കുരിശടിയും പൊളിച്ചു, വൈദികര്‍ക്കടക്കം മര്‍ദനം; സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ മതിലും കുരിശടിയും പൊളിച്ചുമാറ്റിയതിന് പിന്നാലെ സംഘര്‍ഷം. കുരിശടി പൊളിക്കാന്‍ വന്‍ പൊലീസ് സന്നാഹവുമായെത്തിയ ശ്രമം തടയാനെത്തിയ വൈദികര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദനമേറ്റു.

ഇതോടെ പള്ളിമണിയടിക്കുകയും കൂടുതല്‍ വിശ്വാസികള്‍ പള്ളിയുടെ പരിസരത്തേക്ക് സംഘടിച്ചെത്തുകയും ചെയ്തു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മതിലും കുരിശടിയും പൊളിക്കാന്‍ തുടങ്ങിയത്. ഇത് തടഞ്ഞ ഫാദര്‍ ബിജി ജോണ്‍, ഫാദര്‍ ബിനു തോമസ് എന്നിവര്‍ക്കടക്കം പരിക്കേറ്റു.

രമേശ് ചെന്നിത്തല എം.എല്‍.എ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പമെങ്കിലും അയവ് വന്നത്. പൊളിക്കല്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല നിര്‍ദേശിച്ചു. ജില്ലാ കളക്ടറുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയുമായി ചര്‍ച്ച നടത്തി. ഇതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ നൂറോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ദേശീയപാത അതോറിറ്റി കുരിശ് പൊളിക്കാന്‍ എത്തിയത്. 1,500 വര്‍ഷത്തോളം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ക്കുരിശാണ് പൊളിച്ചത്. ഇതിന് പകരമായി വിശ്വാസികള്‍ മരക്കുരിശ് സ്ഥാപിച്ചു.

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പൗരാണികമായ കല്‍ക്കുരിശിന് കേടുപാടുകള്‍ സംഭവിക്കരുതെന്ന് പള്ളി ഭാരവാഹികള്‍ ദേശീയപാത അതോറിറ്റി അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കേസും കോടതിയില്‍ നില്‍നില്‍ക്കുന്നുണ്ട്.

ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്നും ഉടന്‍ തന്നെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും പള്ളി ഭാരവാഹികള്‍ക്ക് ആര്‍.ഡി.ഒ ഉറപ്പു നല്‍കി.

Content Highlight: Church wall and crucifix demolished to make way for national highway, priests and others beaten

We use cookies to give you the best possible experience. Learn more