| Friday, 18th July 2025, 1:14 pm

റിലീസിന് ഇനിയും ഒരു വര്‍ഷം ബാക്കി, ഐമാക്‌സില്‍ നിന്ന് മാത്രം ഒന്നര മില്യണ്‍ പ്രീ സെയില്‍ കളക്ഷന്‍ സ്വന്തമാക്കി നോളന്റെ ഒഡീസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഒഡീസി. ഓരോ സിനിമയിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനാണ് ഗ്രീക്ക് ഇതിഹാസത്തിന് പുതിയ ദൃശ്യഭാഷ്യമൊരുക്കുന്നത്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യചിത്രം കൂടിയാണ് ഒഡീസി.

നോളന്റെ മുന്‍ചിത്രമായ ഓപ്പന്‍ഹൈമര്‍ ഐമാക്‌സിന്റെ ഫിലിം ക്യാമറയിലായിരുന്നു ഷൂട്ട് ചെയ്തത്. എന്നാല്‍ ചില സീനുകള്‍ സാധാരണ ക്യാമറയില്‍ ചിത്രീകരിക്കേണ്ടി വന്നു. മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചിത്രം നോളന്‍ ഏത് രീതിയിലാകും പ്രേക്ഷകരിലേക്കെത്തിക്കുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

2026 ജൂലൈ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ പ്രീ സെയിലില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നോളന്റെ ഒഡീസി. ലോകത്തെ ഐമാക്‌സ് സ്‌ക്രീനുകളില്‍ നിന്ന് ഒന്നര മില്യണ്‍ പ്രീ സെയില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു.

70 mm ഐമാക്‌സ് സ്‌ക്രീനില്‍ ചിത്രത്തിന്റെ പൂര്‍ണമായ ആസ്വാദനം അനുഭവിക്കാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും 70mm ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭ്യമല്ല. പ്രീ സെയില്‍ ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ പല ഭാഗത്തുമുള്ള ഐമാക്‌സ് സ്‌ക്രീനുകളിലെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്.  ചിലയിടങ്ങളില്‍ 300 ഡോളറാണ് ഒരു ടിക്കറ്റിന്റെ വില. റിലീസിന് മുമ്പ് വലിയ ഹൈപ്പ് ഒഡീസി സൃഷ്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മൊറോക്കോ, ഗ്രീസ്, ഐസ്‌ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഡീസിയുടെ ഷൂട്ട് പുരോഗമിക്കുന്നത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയ ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന ചിത്രം ലോകസിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാകുമെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും. യൂണിവേഴ്‌സല്‍ സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നോളന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ മാറ്റ് ഡാമനാണ് ചിത്രത്തിലെ നായകന്മാരില്‍ ഒരാള്‍. ഗ്രീക്ക് രാജാവായ ഒഡീസ്യസായാണ് മാറ്റ് വേഷമിടുന്നത്. ടോം ഹോളണ്ടാണ് മറ്റൊരു നായകന്‍. ഒഡീസ്യസിന്റെ മകനായാണ് ടോം ഹോളണ്ട് വേഷമിടുന്നത്. അന ഹാത്‌വേ, സെന്‍ഡയ, റോബര്‍ട് പാറ്റിന്‍സണ്‍ തുടങ്ങി വന്‍ താരനിര ഒഡീസിയില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Christopher Nolan’s Odyssey movie collected more than 1 million from Imax screens

We use cookies to give you the best possible experience. Learn more