ഹോളിവുഡ് സിനിമാപ്രേമികളുടെ ഇടയില്‍ വന്‍ ഫാന്‍ ബെയ്‌സുള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമാക്കാന്‍ നോളന്‍ ശ്രമിക്കാറുണ്ട്. ഇന്‍സെപ്ഷന്‍, ഇന്റര്‍സ്റ്റെല്ലാര്‍, ഡാര്‍ക്ക് നൈറ്റ് ട്രിലോജി എന്നിവ നോളന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. വി.എഫ്.എക്‌സ് അമിതമായി ഉപയോഗിക്കാതെ പ്രാക്ടിക്കല്‍ ഇഫക്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് നോളന്‍ ഓരോ ചിത്രത്തെയും സമീപിക്കുക.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒഡീസിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായ ഒഡീസിയുടെ ട്രെയ്‌ലറിന് വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. വിഷ്വലുകളും മേക്കിങ്ങും കൊണ്ട് ഗ്രാന്‍ഡാണെങ്കിലും ഒഡീസി എന്ന കഥയുമായി ചേര്‍ന്നുനില്‍ക്കാത്ത ഡയലോഗുകളാണ് ചിത്രത്തിനെന്നാണ് പ്രധാന വിമര്‍ശനം.
ബി.സി. ഏഴാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ നടക്കുന്ന കഥയാണ് ഒഡീസിയുടേത്. എന്നാല്‍ ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണിന്റെയും ടോം ഹോളണ്ടിന്റെയും കഥാപാത്രങ്ങളുടെ ആക്‌സെന്റ് കഥയുമായി ചേര്‍ന്നുപോകാത്തതാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ‘യൂ ആര്‍ പൈനിങ് ഫോര്‍ യുവര്‍ ഡാഡി?’, ‘മൈ ഡാഡ് ഈസ് റിട്ടേണിങ് ഹോം’ എന്നീ ഡയലോഗുകളാണ് ഏറ്റവുമധികം ട്രോളിനിരയാകുന്നത്.
ഇത് ഗ്രീക്കിലെയല്ല, കാലിഫോര്‍ണിയയില്‍ നിന്നുള്ള ടെലെമാക്കസാണ്’, ‘ടോം ഹോളണ്ടിന് ഇപ്പോഴും പീറ്റര്‍ പാര്‍ക്കറിന്റെ ബാധ പോയിട്ടില്ല’, ‘ഒഡീസിയസ് ഫാര്‍ ഫ്രം ഹോം എന്ന് പേരിടുന്നതാകും നല്ലത്’, ‘ബ്രൂസ് വെയ്ന്‍ (റോബര്‍ട്ട് പാറ്റിന്‍സണ്‍) പീറ്റര്‍ പാര്‍ക്കറുടെ (ടോം ഹോളണ്ട്) വീട്ടുകാരെ കളിയാക്കുന്ന സീനൊക്കെ ഒഡീസിയില്‍ ഉണ്ടല്ലേ’ എന്നിങ്ങനെയാണ് ട്രെയ്‌ലറിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകള്‍.
പ്രധാന താരങ്ങളുടെ ആക്‌സെന്റ് മാത്രമല്ല, ചിത്രത്തിലെ പല ഭാഗങ്ങളിലെയും കോസ്റ്റിയൂമുകളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലെ യോദ്ധാക്കള്‍ ഇത്തരം പടച്ചട്ടകള്‍ ഉപയോഗിക്കാറില്ലായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നു. ഓരോ സിനിമയും കൃത്യമായി റിസര്‍ച്ച് ചെയ്ത് ഒരുക്കുന്ന ക്രിസ്റ്റഫര്‍ നോളന് ഇത്തവണ അടിതെറ്റിയെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.
ഗ്രീക്ക് ഇതിഹാസത്തെ നോളന്‍ എങ്ങനെ സ്‌ക്രീനിലേക്ക് പകര്‍ത്തുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ഇത്തരമൊരു ട്രെയ്‌ലര്‍ വന്നതോടെ പ്രതീക്ഷകള്‍ ചെറുതായി അസ്തമിച്ചിരിക്കുകയാണ്. പ്രാക്ടിക്കല്‍ ഇഫക്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംവിധായകന്‍ പഴയ കാലഘട്ടം പുനസൃഷ്ടിച്ചപ്പോള്‍ താരങ്ങളെ അതിനനുസരിച്ച് പരിശീലിപ്പിക്കാന്‍ മറന്നെന്നും വിമര്‍ശനങ്ങളുണ്ട്.
ഹോളിവുഡിലെ ഏറ്റവും വലിയ താരനിരയുമായാണ് ഒഡീസി ഒരുങ്ങുന്നത്. മാറ്റ് ഡാമന്‍, ടോം ഹോളണ്ട്, റോബര്‍ട്ട് പാറ്റിന്‍സണ്‍, സെന്‍ഡയ, ജോണ്‍ ബെന്തെല്‍, അന ഹാത്‌വേ എന്നിവരാണ് പ്രധാന താരങ്ങള്‍. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച ചിത്രം ജൂലൈ 17ന് തിയേറ്ററുകളിലെത്തും.
Content Highlight: Christopher Nolan getting trolls after The Odyssey trailer release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ