| Monday, 10th November 2025, 7:27 am

'ഡീയസ് ഇറെ'യിലെ ചില ഭാഗങ്ങള്‍ ജോണ്‍സണ്‍ മാഷിന് ട്രിബ്യൂട്ട് ആയി മാറി; അത് മനപൂര്‍വമല്ല: ക്രിസ്റ്റോ സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് പ്രധാനവേഷത്തിലെത്തിയത്. ബോക്‌സ് ഓഫീസില്‍ 50 കോടിയും നേടി മുന്നേറുന്ന ചിത്രത്തിന്റ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് ക്രിസ്റ്റോ സേവ്യര്‍ ആണ്.

ഡീയസ് ഈറെ എന്ന സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പശ്ചാത്തല സംഗീതത്തിനും വലിയൊരു പങ്കുണ്ട്. ഇപ്പോള്‍ മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്രിസ്‌റ്റോ സേവ്യര്‍. ഡീയസ് ഈറെ സിനിമ കണ്ട് പലരും ചിലങ്കയുടെ ശബ്ദത്തിന്റെ കാര്യം മണിച്ചിത്രത്താഴ് സിനിമയുടെ റഫറന്‍സ് ചൂണ്ടിക്കാട്ടി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘അത് മനപൂര്‍വം ആയിരുന്നില്ല. പക്ഷേ, അങ്ങനെയൊരു കമന്റ് വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. ഞാന്‍ ജോണ്‍സണ്‍ മാഷിന്റെ വലിയൊരു ആരാധകനാണ്. പശ്ചാത്തലസംഗീതം ചെയ്യുന്നതില്‍ അദ്ദേഹം മാസ്റ്റര്‍ ആണല്ലോ. മാഷ് ചിലങ്കയും വീണയും ഉപയോഗിച്ചാണ് ആ ശബ്ദം ഒരുക്കിയത്. മനഃപൂര്‍വമല്ലെങ്കിലും അദ്ദേഹത്തിന് ഒരു ട്രിബ്യൂട്ട് ആയി ഡീയസ് ഇറെയിലെ ചില ഭാഗങ്ങള്‍ മാറി,’ ക്രിസ്റ്റോ സേവ്യര്‍ പറയുന്നു.

ഡീയസ് ഇറെയില്‍ ഡീട്യൂണ്‍ഡ് ആയ വിന്റേജ് പിയാനോ ആണ് താന്‍ ഉപയോഗിച്ചതെന്നും അതില്‍ നിന്ന് റിക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ചാണ് ആ ഭാഗം ചെയ്തതെന്നും ക്രിസ്റ്റ കൂട്ടിച്ചേര്‍ത്തു. ചിലങ്കയുടെ ശബ്ദം സൗണ്ട് ഡിസൈനര്‍ ജയദേവേനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ക്രിസ്റ്റോയെ തേടിയെത്തിയിരുന്നു. അതിന്റെ സന്തോഷങ്ങളും ക്രിസ്റ്റോ പങ്കുവെച്ചു.

ഡീയസ് ഈറെയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടയിലാണ് സംസ്ഥാന പുരസ്‌കാര വാര്‍ത്ത വരുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രഖ്യാപനത്തിന് മുമ്പ് അവാര്‍ഡിന്റെ സൂചനകള്‍ പലരും പറഞ്ഞപ്പോള്‍ ടെന്‍ഷനായെന്നും പ്രഖ്യാപനം നടക്കുമ്പോള്‍ താന്‍ സ്റ്റുഡിയോയിലായിരുന്നുവെന്നും ക്രിസ്‌റ്റോ പറഞ്ഞു. അമ്മ വിളിച്ചാണ് അവാര്‍ഡിന്റെ കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Christo Xavier on the background music of the movie Dies irae 

We use cookies to give you the best possible experience. Learn more