| Thursday, 25th December 2025, 7:23 am

ലോകം തിരുപ്പിറവിയുടെ ഓര്‍മയില്‍; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാര്‍പാപ്പ

രാഗേന്ദു. പി.ആര്‍

റോം: ക്രിസ്മസ് ദിന സന്ദേശവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലോകത്തെമ്പാടുമുള്ള അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് സമാനമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ക്രിസ്മസ് രാവില്‍ പങ്കെടുത്തുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘യേശുവിന്റെ ജനനം ഓരോ വ്യക്തിയിലും ദൈവത്തിന്റെ സാന്നിധ്യം തെളിയിച്ചു. ഭൂമിയില്‍ മനുഷ്യന് ഇടമില്ലാത്ത പക്ഷം ദൈവത്തിനും ഇടമില്ല. ഒന്നിനെ നിരസിക്കുന്നത് മറ്റൊന്നിനെ നിരസിക്കുന്നതിന് തുല്യമാണ്,’ മാര്‍പാപ്പ പറഞ്ഞു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണിത്.

വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസിലിക്കയില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്കും പാതിരാ കുര്‍ബാനയ്ക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ രൂപം ബൈബിള്‍ പ്രതിഷ്ഠാപീഠത്തില്‍ അനാവരണം ചെയ്യുകയും ചെയ്തു.

ഉണ്ണിയേശുവിന്റെ ജനന പ്രഖ്യാപനത്തോടെയാണ് വത്തിക്കാനിലെ ചടങ്ങുകള്‍ ആരംഭിക്കുക. ആറായിരത്തോളം പേരാണ് ഈ ചടങ്ങുകളില്‍ പങ്കെടുത്തത്. കാലാവസ്ഥയെ വകവെക്കാതെ ബസിലിക്കയില്‍ എത്തിയ ആയിരങ്ങളോട് മാര്‍പാപ്പ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുവിന്റെ ജന്മനാടായ ബേത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു. ഗസയിലെ ഇസ്രഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഫലസ്തീനിലെ ക്രൈസ്തവര്‍ക്ക് 2023 മുതല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlight: Christmas message; Pope Leo urges kindness to strangers and the poor

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more