| Thursday, 25th December 2025, 1:41 pm

യാത്ര ചെയ്ത് ലോകം കാണുന്ന സാന്റാക്ലോസും, മലയാള സാഹിത്യം വായിക്കുന്ന മുത്തപ്പനും

Manoj Vellanad

മുത്തപ്പന്‍: ആഹാ, ഇതാരാ? മഞ്ഞുദേശത്തുനിന്ന് ചുവന്ന കുപ്പായമിട്ടൊരാള്‍ വരുന്നുണ്ടല്ലോ! വായോ. വായോ. ഈ വെയിലത്ത് എന്തിനാപ്പ ഇത്രയും കട്ടിയുള്ള ഉടുപ്പിട്ടത്?

സാന്റാ: (നെറ്റിയിലെ വിയര്‍പ്പ് തുടച്ച്) ഹോ! ന്റെ മുത്തപ്പാ. ഈ നാട്ടിലെ ചൂട്! എന്റെ റെയിന്‍ ഡിയറുകള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമേ വണ്ടി നിര്‍ത്തി. ഗ്ലോബല്‍ വാമിങ് കാരണം അവിടെയും മഞ്ഞുരുകുകയാണ്. ഇവിടെ എത്തിയപ്പോള്‍ തീരെ പറ്റണില്ല.

മുത്തപ്പന്‍: സത്യം! പണ്ട് എന്റെ കുന്നും കാടും തണലേകിയിരുന്നു. ഇപ്പൊ മനുഷ്യന്റെ ഓരോരോ പരിഷ്‌കാരം കാരണം കാടും പോയി, തണലും പോയി. നീയെന്താ ഈ വട്ടം കുട്ടികള്‍ക്ക് കൊടുക്കാന്‍ സഞ്ചിയില്‍ കരുതിയത്?

മുത്തപ്പന്‍: Photo. Behance/ Lijin PM

സാന്റാ: മുത്തപ്പനൊരുമാതിരി മലയാള സാഹിത്യകാരന്മാരെ പോലെ സംസാരിക്കല്ലേ. കേരളത്തില്‍ കാട് കൂടി എന്നതാണ് സത്യം. ഇതിപ്പൊ ഗ്ലോബല്‍ വാമിങ്ങാണ്.

മുത്തപ്പന്‍: നിനക്ക് ഇപ്പൊ ഭയങ്കര വിവരമാണല്ലോടാ!

സാന്റാ: അത് ഒരുപാട് ട്രാവല്‍ ചെയ്യുന്നേന്റെ ഗുണമാണ്. പിന്നെ വായനയും.

മുത്തപ്പന്‍: വായനയൊക്കെ എനിക്കും ഉണ്ട്.

സാന്റാ: മരമാണ് ഓക്സിജന്‍ തരുന്നതെന്ന സാഹിത്യമല്ലേ നിങ്ങള്‍ ഇപ്പോഴും വായിക്കുന്നത്. താന്‍ നന്നാവില്ല.

മുത്തപ്പന്‍: ഒരു യാത്ര എനിക്കും പ്ലാനുണ്ട്. കാശി, രാമേശ്വരം, പട്ടായ ഒക്കെ ഒന്ന് കാണണം.

സാന്റാ: പട്ടായയോ?

മുത്തപ്പന്‍: ആ അങ്ങനെ ഒരു സ്ഥലമുണ്ട്. പരസ്യത്തില്‍ കണ്ടതാ. എല്ലാരും സമാധാനം കിട്ടാന്‍ പോകുന്നുണ്ട് അവിടെ. അത് പോട്ടെ, എന്താ സഞ്ചിയില്‍ ഉള്ളതെന്ന് പറഞ്ഞില്ല.

സാന്റാ: അതാണ് മുത്തപ്പാ വലിയ പ്രശ്‌നം. പണ്ട് ഞാന്‍ മിഠായിയും കളിപ്പാട്ടവും കൊടുത്താല്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമായിരുന്നു. ഇപ്പോഴത്തെ പിള്ളേര്‍ക്ക് വേണ്ടത് ഐഫോണും പി.എസ്-5 ഉം ആണ്. എന്റെ എല്‍ഫ്സ് പോലും ഇപ്പോ സോഫ്റ്റ്വെയര്‍ കോഡിങ് പഠിക്കാന്‍ പോയിരിക്കുകയാണ്!

മുത്തപ്പന്‍: (അട്ടഹസിച്ചു ചിരിക്കുന്നു) എന്റെ കാര്യവും വലിയ വ്യത്യാസമൊന്നുമില്ല. ഭക്തര്‍ വന്ന് പണ്ട് സങ്കടങ്ങള്‍ പറയുമായിരുന്നു. ഇപ്പൊ പകുതിപ്പേരും വരുന്നത് കയ്യിലൊരു ഫോണുമായിട്ടാ. സെല്‍ഫി എടുക്കാനാണ് അവര്‍ക്ക് താത്പര്യം. പിന്നെ ‘മുത്തപ്പാ… എന്റെ റീല്‍സ് ഒന്ന് വൈറലാക്കി തരണേ’ എന്നൊരു പ്രാര്‍ത്ഥനയും!

സാന്റാ: അത് ശരിയാ. കഴിഞ്ഞ ദിവസം എന്നെ കണ്ടപ്പോള്‍ ഒരു പയ്യന്‍ ചോദിച്ചത് ‘സാന്റാ അപ്പൂപ്പാ, നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഐഡി എന്താണ്’ എന്നാണ്. അവന് കൊളാബ് ചെയ്യാനാണത്രേ!

മുത്തപ്പന്‍: അതൊക്കെ പോട്ടെ സാന്റാ, ആള്‍ക്കാര് മതം പറഞ്ഞ് തമ്മിലടിക്കുന്നത് നീ കാണുന്നില്ലേ? എന്റെ മടപ്പുരയില്‍ ജാതിയോ മതമോ നോക്കാതെയാ എല്ലാവര്‍ക്കും ഊട്ട് കൊടുക്കുന്നത്. നിന്റെ ക്രിസ്മസും അങ്ങനെയല്ലേ? എല്ലാവര്‍ക്കും സ്‌നേഹം പങ്കുവെക്കാനല്ലേ?

സാന്റാ: തീര്‍ച്ചയായും മുത്തപ്പാ. വര്‍ഗീയത തലയ്ക്ക് പിടിച്ച മനുഷ്യന്മാരെ പോലെയുള്ള ഊളകളെ… (ഒന്ന് നിര്‍ത്തിയിട്ട്) സോറി വായില്‍ നല്ലതൊന്നും വരുന്നില്ല. എന്റെ റെയിന്‍ഡിയറുകള്‍ക്ക് അതിര്‍ത്തികളില്ല, എനിക്കും പാസ്പോര്‍ട്ടില്ല. സ്‌നേഹം കൈമാറാന്‍ ഒരു രേഖയും വേണ്ട.

മുത്തപ്പന്‍: സാരമില്ലെടാ. വാ, കുറച്ച് കള്ളും പയറ് പുഴുങ്ങിയതും എടുക്കാം. വിശപ്പുമാറ്റിയിട്ട് നിനക്ക് യാത്ര തുടരാം.

സാന്റാ: ഒരു ചൂട് ചായ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ മുത്തപ്പാ. പക്ഷെ എനിക്ക് ഒരുപാട് വീടുകളില്‍ പോകാനുണ്ട്. ഗൂഗിള്‍ മാപ്പ് കാണിക്കുന്നത് വലിയ ട്രാഫിക് ബ്ലോക്ക് ആണെന്നാണ്!

മുത്തപ്പന്‍: എന്നാല്‍ നീ വേഗം വിട്ടോ. എനിക്കും കുറേ ക്രിസ്മസ് റീല്‍സ് വൈറല്‍ ആക്കല്‍ പെന്‍ഡിങ് ഉണ്ട്. എപ്പൊ കണ്ടു തീരുമോ ആവോ!?

Content Highlight: Christmas conversation between Santa Claus and Muthappan

Manoj Vellanad

ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

We use cookies to give you the best possible experience. Learn more