കാങ്കര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ഉപജീവനമാര്‍ഗവും നിഷേധിച്ചതായി പരാതി. വിശ്വാസത്തിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌ക്കരണവും പീഡനങ്ങളുമുള്ളതായും പരാതിയില്‍ പറയുന്നു. കൂടാതെ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്നതായും ആരോപണമുണ്ട്.
അന്തഗഡ്, മാഡപ്പ, ബുര്‍ഗാപുര, ഭൈന്‍സ്ഗാവ് തുടങ്ങിയ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് ആഴ്ചകളായി കുടിവെള്ളം നിഷേധിക്കുകയാണെന്ന് പ്രോഗ്രസീവ് ക്രിസ്ത്യന്‍ അലയന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഇത്തരത്തിലൂളള പീഡനങ്ങള്‍ക്ക് പിന്നില്‍ ഘര്‍വാപ്പസിയാണെന്നും വിശ്വാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നതായും പരാതിയില്‍ പറയുന്നു.
ജില്ലാ തല ക്രിസ്ത്യന്‍ സംഘടനയായ മാസിഹ് അസ്ത സമാജിന്റെ പ്രതിനിധികള്‍ പൊലീസിനും ജില്ലാഭരണകൂടത്തിനും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെങ്കിലും പരിഹാരമായില്ലെന്നും പറയുന്നു.
‘ഞങ്ങള്‍ പലതവണ അധികാരികളെ അറിയിച്ചിരുന്നു. പക്ഷേ പല കുടുംബങ്ങളും ഇപ്പോഴും ഗുരുതര ബുദ്ധിമുട്ടുകള്‍ നേരിടുന്നു,’ അവര്‍ പറഞ്ഞു. ജല ലഭ്യതയിലെ നിയന്ത്രണം ഏകദേശം 26 കുടുംബങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും കമ്മ്യൂണിറ്റി പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കല്‍, വനത്തില്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍, തൊഴിലവസരങ്ങളില്‍ നിന്ന് ഒഴിവാക്കല്‍, ഉപജീവനമാര്‍ഗത്തിന് മേലുള്ള ഭീഷണികള്‍ തുടങ്ങിയവും നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും സംഘടന പറഞ്ഞു.
ഭരണഘടനാ അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളാണ് ആരോപണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും സംഘടന പറഞ്ഞു. നിയമത്തിന് മുന്നില്‍ തുല്യത, വിവേചനമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 14, 15, 21, 25 എന്നിവയുടെ ലംഘനമാണെന്നും സംഘടന പറഞ്ഞു.
‘ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് വെള്ളം, ഉപജീവനമാര്‍ഗ അവസരങ്ങള്‍, നിയമ സംരക്ഷണം എന്നിവ ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ അധികാരികള്‍, മനുഷ്യാവകാശ ഗ്രൂപ്പുകള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ എന്നിവ വിഷയത്തില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
മതപരിവര്‍ത്തിനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഘര്‍വാപ്പസി. ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്
Content Highlight: Christians in Chhattisgarh denied drinking water and livelihood; Pressure to return home