| Wednesday, 30th July 2025, 8:37 pm

ഇസ്‌ലാമിക മതമൗലികവാദികളും അവര്‍ ഫണ്ട് ചെയ്യുന്ന മാധ്യമങ്ങളും ഒരുക്കിയ കെണിയില്‍ പുരോഹിതര്‍ വീഴരുത്: കാസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍-മുസ്‌ലിം കൂട്ടായ്മകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസ. ഇസ്‌ലാമിക മത മൗലികവാദികളെ ഒപ്പം കൂട്ടിയാല്‍ നാശമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സഭാനേതൃത്വത്തിന് കാസ മുന്നറിയിപ്പ് നല്‍കി.

മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യാനികള്‍ക്ക് അവകാശപ്പെടാന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഭാര്യ എടുക്കാന്‍ മറന്നു പോയ ഉണക്കാനിട്ട ജട്ടി മാത്രമല്ലാതെ മറ്റൊന്നുമില്ല പറഞ്ഞ് വൈദികരെയും പിതാക്കന്മാരെയും ഉള്‍പ്പെടെ ക്രിസ്ത്യാനികളെ പരിഹസിച്ച അന്‍സാരി സുഹാരി ഉസ്താദ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി വൈദികനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോകുന്നത് മനോഹരമായ കാഴ്ചയാണ്.

വിഴിഞ്ഞം സമരത്തിലും ഇതുതന്നെയായിരുന്നു കണ്ടത്. സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തേണ്ട സമരം വഴിതെറ്റിച്ച് അദാനി പോര്‍ട്ടിന് മുന്നില്‍ എത്തിച്ചത് സുഡാപ്പികളുടെ ബുദ്ധിയായിരുന്നു, അന്ന് ക്രിസ്ത്യാനികളുടെ സമരത്തില്‍ ഇസ്‌ലാമിക ഭീകര സംഘടനകളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു കൂട്ടം പുരോഹിതര്‍ കാസക്കെതിരെ തിരിഞ്ഞു. അന്ന് അദാനിയുടെ കീശയിലാണ് കാസയെന്നും, കുരിശു വരയ്ക്കുന്ന കാവി കളസങ്ങള്‍ എന്നും പറഞ്ഞു ഞങ്ങളെ പരിഹസിച്ചു.

അവസാനം എന്താണോ ഞങ്ങള്‍ പറഞ്ഞത് അതുതന്നെ വിഴിഞ്ഞത്ത് സംഭവിച്ചു, രാജ്യദ്രോഹികളുടെ സമരം എന്ന് ആ സമരത്തിന് പേരു വീണു. അവിടെ വേദിയില്‍ മാലയിട്ട് സ്വീകരിച്ച, ആനയിച്ച റൗഫ് ഉള്‍പ്പെടെയുള്ള രാജ്യദ്രോഹികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തുകൊണ്ട് പോയി, പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര പ്രസ്ഥാനത്തെ വരെ രാജ്യം നിരോധിച്ചു. സമരം പരാജയപ്പെട്ടു. പാവം മത്സ്യത്തൊഴിലാളികള്‍ തല്ലുകൊണ്ടതും തലപൊട്ടി പിളര്‍ന്നതും കേസുകളില്‍ അകപ്പെട്ടതും മാത്രം മിച്ചം.

ഇപ്പോഴും നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംസ്ഥാനത്തെ പോലീസ് മേധാവി വരെ പറഞ്ഞ ഇസ്‌ലാമിക ഭീകരവാദ പ്രസ്ഥാനത്തെ കേരളത്തില്‍ പലയിടത്തും ഒപ്പം കൂട്ടുകയാണ്.

കഴിഞ്ഞദിവസം പറഞ്ഞതു തന്നെ ഞങ്ങള്‍ വീണ്ടും പറയുന്നു ഇവിടുത്തെ രാഷ്ട്രീയക്കാരും ഇസ്‌ലാമിക മതമൗലികവാദികളും അവര്‍ ഫണ്ട് ചെയ്യുന്ന മാധ്യമങ്ങളും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ പുരോഹിതര്‍ വീഴരുതെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് കാസ പറഞ്ഞു. കന്യാസ്ത്രീകളുടെ മോചനത്തിനു വേണ്ടിയത് നിയമപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങളാണ്, അല്ലാതെ വൈകാരിക പ്രതിഷേധങ്ങളല്ലെന്നും കാസ കുറിപ്പിലൂടെ വ്യക്തമാക്കി.

Content Highlight: Christian priests should not fall into the trap set by Islamic fundamentalists and the media they fund: Casa

Latest Stories

We use cookies to give you the best possible experience. Learn more