റായ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചു നീക്കി. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായ തുടര്‍ച്ചയായി അതിക്രമങ്ങള്‍ തുടരുന്നതിന് ഇടയിലാണ് ഈ നടപടി.
ബിലാസ്പൂരിലെ ഭര്‍ണിയിലാണ് ആരാധനാലയവും വീടും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. നേരത്തെ തീവ്ര ഹിന്ദുസംഘടനകള്‍ മതപരിവര്‍ത്തനം ആരോപിച്ച് ഈ ആരാധനാലയത്തിന് എതിരെ പൊലീസിനും ഗ്രാമമുഖ്യനും പരാതി നല്‍കിയിരുന്നു.
പിന്നാലെ ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ ജില്ലാ ഭരണകൂടം തന്നെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ആരാധനാലയം പൊളിച്ചത്.
ഇത് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മാണമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ കാലങ്ങളായി ഈ ആരാധനാലയം ഇവിടെയുണ്ടെന്നും ബാങ്കില്‍ നിന്നും വായ്പ എടുത്താണ് ഈ കെട്ടിടം നിര്‍മിച്ചതെന്നുമാണ് പാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം.
സര്‍ക്കാര്‍ ഭൂമിയിലുള്ള കെട്ടിടത്തിന് എങ്ങനെയാണ് വായ്പ നല്‍കുക എന്നതാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യം. അതേസമയം ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്.
തലസ്ഥാന നഗരിയായ റായ്പൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഞായറാഴ്ചയിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മക്കിടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും പാസ്റ്റര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Christian church demolished with bulldozer in Chhattisgarh over alleged conversion