ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
എന്നാല്‍ റെഡ്‌ബോളില്‍ നിന്ന് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ രോഹിത്തും വിരാട് കോഹ്‌ലിയും മത്സരങ്ങള്‍ക്കില്ലാത്തത് നിര്‍ഭാഗ്യമാണെന്നും എന്തൊക്കെയാണെങ്കിലും ഇന്ത്യയ്ക്ക് നിലവാരമുള്ള മികച്ച യുവ താരങ്ങള്‍ ഉണ്ടെന്നും പറയുകയാണ് ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ്.
‘ഒരുപാട് വര്‍ഷങ്ങള്‍ വിരാടും രോഹിത്തും ചേര്‍ന്ന് മികച്ച മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അവര്‍ ഇനി ഉണ്ടാകില്ല എന്നത് കളിയുടെ ദൗര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ ആഴമുണ്ട്, തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് വരുന്ന കളിക്കാര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വയം തെളിയിച്ചിട്ടുള്ള, വളരെ ഉയര്‍ന്ന നിലവാരമുള്ള താരങ്ങളായിരിക്കും.
സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നിങ്ങള്‍ അവര്‍ക്കെതിരെ എവിടെ കളിച്ചാലും കടുത്ത എതിരാളികള്‍ തന്നെയായിരിക്കും അവര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ എപ്പോഴും ശക്തരാണ്, അതിനാല്‍ ഇത് ഒരു വെല്ലുവിളി നിറഞ്ഞ ജോലിയായിരിക്കും,’ വോക്‌സ് ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയില്‍ പറഞ്ഞു.
പരിക്കിന്റെ പിടിയിലായിരുന്ന ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ എയ്ക്ക് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിന് വേണ്ടി മികച്ച പ്രകടനമാണ് വേക്‌സ് കാഴ്ചവെച്ചത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്
Content Highlight: Chris Woakes Talking About Indian Team, Rohit Sharma And Virat Kohli