ടി-20യിലെ ഏത് ബൗളറുടെയും പേടിസ്വപ്നമായിരുന്നു വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഇപ്പോൾ ടി-20യിൽ താൻ നേരിടാൻ ഭയപ്പെട്ട ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ൽ. ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗയെയായിരുന്നു നേരിടാൻ വെല്ലുവിളി നിറഞ്ഞ ബൗളറായി ഗെയ്ൽ തെരഞ്ഞെടുത്തിരുന്നത്.
മലിംഗയുടെ ബൗളിങ് ആക്ഷൻ വളരെ വ്യത്യസ്തമായിരുന്നുവെന്നും അതിനാൽ ലങ്കൻ ഇതിഹാസത്തെ നേരിടാൻ ബുദ്ധിമുട്ടിയിരുന്നുവെന്നുമാണ് ഗെയ്ൽ പറഞ്ഞത്. മിഡ്‌വിക്കറ്റ് സ്റ്റോറിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗെയ്ൽ മലിംഗയെക്കുറിച്ച് സംസാരിച്ചത്.
‘ആ സമയങ്ങളിൽ മലിംഗയുടെ ബൗളിങ് ആക്ഷൻ വളരെ വ്യത്യസ്തമായിരുന്നു. എന്നെ പുറത്താക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും ആ ആക്ഷൻ കാരണം മലിംഗയെ നേരിടാൻ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ ബോളുകൾ ഷോട്ടെടുക്കാൻ എനിക്ക് അനുയോജ്യമായ രീതിയിൽ ഷോട്ട് എടുക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹം സ്ലോ ബോൾ കണ്ടുപിടിക്കാൻ എനിക്ക് ഒരു വഴിയുമില്ലായിരുന്നു. അത്രയും ബുദ്ധിപൂർവമായിരുന്നു അദ്ദേഹം അത് എറിഞ്ഞിരുന്നത്.
ഒരു ടി-20 ബാറ്ററെന്ന നിലയിൽ അദ്ദേഹത്തെ നേരിടുക എനിക്ക് വളരെ പ്രയാസമായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു. എങ്ങനെയെങ്കിലും ക്രീസിൽ പിടിച്ചുനിൽക്കാൻ നോക്കാം. അവന്റെ പന്തുകൾ ഡിഫൻഡ് ചെയ്യാനും എങ്ങനെയെങ്കിലും സിംഗിൾ നേടി സ്ട്രൈക്ക് മാറ്റി മറ്റുള്ള ബൗളർമാരെ അറ്റാക്ക് ചെയ്യാനുമാണ് ഞാൻ ശ്രമിച്ചത്. ഒരു ബൗളറെ നേരിടാൻ ബുദ്ധിമുട്ടുമ്പോൾ റിസ്ക് എടുക്കാതെ കളിക്കുന്നതാണല്ലോ സുരക്ഷിതം’ ക്രിസ് ഗെയ്ൽ പറഞ്ഞു.
മലിംഗ ടി-20യിൽ ഒരു തവണ മാത്രമാണ് ഗെയ്‌ലിനെ പുറത്താക്കിയിട്ടുള്ളത്. മലിംഗക്കെതിരെ ഒമ്പത് ഇന്നിങ്സിൽ ബെറ്റെടുത്ത ഗെയ്ൽ 57 റൺസാണ് നേടിയിട്ടുള്ളത്.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗെയ്ൽ. ടി-20യിലെ തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വിൻഡീസ് ഇതിഹാസത്തിന്റെ പേരിലാണ്. 2013ൽ പുനെ വാരിയേഴ്സിനെതിരെ 66 പന്തിൽ 175 റൺസ് നേടിയിരുന്നു ഗെയ്ൽ ചരിത്രം കുറിച്ചത്. ഈ ചരിത്ര ഇന്നിങ്‌സ് പിറന്നിട്ട് 13 വർഷം കഴിഞ്ഞിട്ടും ഒരു താരത്തിനും ഈ റെക്കോഡ് തകർക്കാൻ സാധിച്ചിട്ടില്ല.
Content Highlight: Chris Gayle talks about Sri Lankan legend Lasit Malinga