സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 236 റണ്‍സിനുമാണ് പ്രോട്ടിയാസ് വിജയിച്ചുകയറിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വിജയിക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.
ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മത്സരം വിജയിച്ചത്. 334 പന്ത് നേരിട്ട താരം പുറത്താകാതെ 367* റണ്‍സാണ് അടിച്ചെടുത്തത്. 49 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് മുള്‍ഡര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ ടീം സ്‌കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സില്‍ പ്രോട്ടിയാസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 400* റണ്‍സിന്റെ റെക്കോഡ് മറികടക്കാന്‍ വെറും 33 റണ്‍സ് ദൂരമുള്ളപ്പോളായിരുന്നു ടീം ഡിക്ലയറിലേക്ക് പോയത്. ഇതോടെ പലരും മുള്‍ഡറെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുള്‍ഡറെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍.
400 റണ്‍സ് പൂര്‍ത്തിയാക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ അത് ചെയ്യുമായിരുന്നെന്നും അത്തരമൊരു അവസരം ലഭിക്കുമ്പോള്‍ നിങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗെയ്ല്‍ പറഞ്ഞു. മുള്‍ഡര്‍ അത് ചെയ്യാതിരുന്നത് ഒരു തെറ്റാണെന്നും ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സ് നേടുക എന്നത് ഒരു അപൂര്‍വ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘400 റണ്‍സ് പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു. അത്തരമൊരു അവസരം ലഭിക്കുമ്പോള്‍ നിങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തണം. നിങ്ങള്‍ 367ല്‍ എത്തുമ്പോള്‍, റെക്കോഡിലേക്കെത്താന്‍ ഒരു ശ്രമം നടത്തണം.
ഒരുപക്ഷേ അയാള്‍ക്ക് പരിഭ്രാന്തി തോന്നിയിരിക്കാം, എന്തുചെയ്യണമെന്ന് അവന് ഉറപ്പില്ലായിരുന്നു. നിങ്ങള്‍ ഒരു ഇതിഹാസമാകണമെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് അതിന് കഴിയും? റെക്കോഡുകള്‍ നിങ്ങളെ ഒരു ഇതിഹാസമാക്കുന്നതിന്റെ ഭാഗമാണ്.
അവന്‍ അത് ചെയ്യാതിരുന്നത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനത് ചെയ്യാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പക്ഷെ അവന്‍ 367ല്‍ ഡിക്ലയര്‍ ചെയ്തു. അതാണ് തെരഞ്ഞെടുത്തത്. ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സ് നേടുക എന്നത് ഒരു അപൂര്‍വ നേട്ടമാണ്. എപ്പോഴും അങ്ങനെ സംഭവിക്കില്ല.
എതിരാളി ആരായാലും പ്രശ്‌നമല്ല, ഏത് ടീമിനെതിരെയും സെഞ്ച്വറി നേടുന്നത് ഇപ്പോഴും ഒരു ടെസ്റ്റ് സെഞ്ച്വറി തന്നെയാണ്. അത് ഡബിള്‍, ട്രിപ്പിള്‍, അല്ലെങ്കില്‍ 400 ആകട്ടെ, ടെസ്റ്റ് ക്രിക്കറ്റിന്റെ അതിനര്‍ത്ഥം ഒന്നേ ഉള്ളൂ,’ ഗെയ്ല്‍ ടോക്ക്‌സ്‌പോര്‍ട്ടില്‍ പറഞ്ഞു.
Content Highlight: Chris Gayle Criticize Wiaan Mulder