ഇന്‍സ്റ്റഗ്രാം അടക്കം സകല സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡായി മാറിയിരിക്കുകയാണ് കൂലിയിലെ ‘മോണിക്ക’ എന്ന ഗാനം. പൂജ ഹെഗ്‌ഡേയുടെ സാന്നിധ്യം ഗാനത്തെ കൂടുതല്‍ മനോഹരമാക്കിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചത് മലയാളി താരം സൗബിന്‍ ഷാഹിറായിരുന്നു. പൂജ ഹെഗ്‌ഡേയെക്കാള്‍ സൗബിന്റെ ചുവടുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായി മാറി.
സൗബിനില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ലെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. വളരെ അനായാസമായുള്ള ചുവടുകള്‍ കൊണ്ട് മോണിക്കയില്‍ സൗബിന്‍ വലിയ രീതിയില്‍ സ്‌കോര്‍ ചെയ്തു. ഇപ്പോഴിതാ സൗബിന്‍ ഷാഹിറിനെക്കുറിച്ച് സംസാരിക്കുകയാണ് കൊറിയോഗ്രാഫറും നടനുമായ സാന്‍ഡി. ഈ ഗാനം ഇത്ര കണ്ട് ട്രെന്‍ഡാകുമെന്ന് വിചാരിച്ചില്ലെന്ന് സാന്‍ഡി പറഞ്ഞു.
ഷൂട്ടിന്റെ സമയത്ത് സൗബിനില്‍ നിന്ന് താന്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ ഷോട്ടിന്റെ സമയത്ത് അയാള്‍ക്ക് നല്ല പേടിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സൗബിനെ മാക്‌സിമം ഓക്കെയാക്കാന്‍ ശ്രമിച്ചെന്നും ആവശ്യത്തിനുള്ള കോണ്‍ഫിഡന്‍സ് നല്‍കിയെന്നും സാന്‍ഡി പറയുന്നു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു സാന്‍ഡി.
‘ഇത്രയും വലിയൊരു ക്രൗഡിന്റെ മുന്നില്‍ ഡാന്‍സ് ചെയ്യുന്നത് എങ്ങനെയാണ്’ എന്ന് സൗബിന്‍ എന്നോട് ചോദിച്ചു. അതൊന്നും കാര്യമാക്കണ്ട, നിനക്ക് പറ്റുന്നതുപോലെ ചെയ്‌തോ എന്നൊക്കെ പറഞ്ഞ് ഞാന്‍ അയാളെ മാക്‌സിമം ഓക്കെയാക്കാന്‍ ശ്രമിച്ചു. മുമ്പ് കുറേ ബ്രേക്ക് ഡാന്‍സ് ചെയ്ത എക്‌സ്പീരിയന്‍സ് സൗബിന് ഉണ്ടായിരുന്നു.
പാട്ടിന്റെ റിലീസിന് ശേഷം കിട്ടിയ റെസ്‌പോണ്‍സ് വലുതായിരുന്നു. ഒരുപാട് പേര്‍ എന്നെയും സൗബിനെയും വിളിച്ച് സംസാരിച്ചു. രണ്ടുമൂന്ന് ദിവസം മുമ്പ് ഞാന്‍ കേരളത്തില്‍ പോയിരുന്നു. ദിലീപും ലാല്‍ സാറുമുള്ള ഒരു സോങ്ങിന് കൊറിയോഗ്രഫി ചെയ്യാന്‍ വേണ്ടിയായിരുന്നു പോയത്. അത് കഴിഞ്ഞപ്പോള്‍ സൗബിന്റെ വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു.
അങ്ങനെ അവന്റെ വീട്ടിലേക്ക് പോയി. ഒരുമിച്ചിരുന്ന് മോണിക്ക കണ്ടു. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ ഞങ്ങള്‍ പോസ്റ്റ് ചെയ്തത്. സൗബിനും വൈഫിനും പാട്ട് ഒരുപാട് ഇഷ്ടമായി. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് പിരിഞ്ഞത്. ആ പാട്ട് സൗബിന് കേരളത്തിന് പുറത്തും വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിട്ടുണ്ട്,’ സാന്‍ഡി പറയുന്നു.
Content Highlight: Choreographer Sandy about Soubin’s dance in Coolie movie