| Wednesday, 23rd September 2026, 7:45 am

കാട്ടിലെ നിയമങ്ങള്‍ക്ക് പകരം യു.എന്‍ നിയമങ്ങള്‍ തെരഞ്ഞെടുക്കൂ: ഇമ്മാനുവേല്‍ മാക്രോണ്‍

ദേവിക ജയചന്ദ്രന്‍

ന്യൂയോര്‍ക്ക്: കാട്ടിലെ നിയമങ്ങളെക്കാള്‍ നല്ലത് യു.എന്നിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ചൊവ്വാഴ്ച യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാക്രോണ്‍.

നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും അന്താരാഷ്ട്ര പ്രതിസന്ധികളും ചൂണ്ടിക്കാട്ടി തോല്‍വി സമ്മതിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് മാക്രോണ്‍ പറഞ്ഞു.

‘യാഥാര്‍ഥ്യം വിവരിക്കുന്നതല്ല അന്താരാഷ്ട്രനിയമങ്ങള്‍, മറിച്ച് സ്വീകാര്യമായ പെരുമാറ്റങ്ങളുടെ പരിധികള്‍ നിര്‍ണയിക്കുന്നതാണ്. നമ്മള്‍ മറന്നുപോയ ഇരുപതാം നൂറ്റാണ്ടിലെ പാഠങ്ങള്‍ വ്യവസായികവത്കരിക്കപ്പെട്ട യുദ്ധക്കുറ്റങ്ങളുടെയും പ്രാകൃതമായ ക്രൂരകൃത്യങ്ങളുടെയും പുതിയ കാലത്തും കാണാന്‍ കഴിയും’, മാക്രോണ്‍ പറഞ്ഞു.

ജനീവ ഉടമ്പടികള്‍ അവഗണിക്കപ്പെടുകയാണെന്ന് സുഡാനിലെ എല്‍ ഫാഷറും ഗസയിലെ തകര്‍ക്കലും ചൂണ്ടിക്കാണിച്ച് മാക്രോണ്‍ പറഞ്ഞു. നീതിയില്ലാതെ സമാധാനമൂണ്ടാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് അന്താരാഷ്ട്രനീതിന്യായകോടതിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ മാക്രോണ്‍ ‘ചിലര്‍ സ്ഥാപിക്കാന്‍ നോക്കുന്ന പുതിയ നിയമവ്യവസ്ഥ’ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

മെച്ചപ്പെട്ട ഫലമുണ്ടാവാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്ന് മാക്രോണ്‍ ആവശ്യപ്പെട്ടു. പുതിയ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമുന്നില്‍ ആ പരിഷ്‌കരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ സഹായിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

മാക്രോണിന്റെ പ്രസംഗത്തില്‍ പ്രധാനമായി തെക്കും വടക്കും തമ്മിലുള്ള അന്തരം കുറക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു. കാലാവസ്ഥാവ്യതിയാനം, ആരോഗ്യം, വികസനം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അത് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യങ്ങളുടെ പരമാധികാര വിഷയത്തിലുള്ള ഇരട്ടത്താപ്പുകളെ മാക്രോണ്‍ അപലപിച്ചു.

‘യൂറോപ്പില്‍ പരമാധികാരം പ്രധാനമാണെന്ന് പറയുന്ന നമ്മള്‍ മിഡില്‍ ഈസ്റ്റിന്റെയും ആഫ്രിക്കയുടെയും കാര്യത്തില്‍ അത് പറയുന്നുണ്ടോ?’, മാക്രോണ്‍ ചോദിച്ചു.

ഒരു രാജ്യത്തെ സംവിധാനം മാറ്റാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം അതിക്രമം നടത്തുമ്പോഴെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്നത് അവസാനിക്കുന്നെന്ന് മാക്രോണ്‍ പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തില്‍ ഉക്രെയ്‌നുളള പിന്തുണ ആവര്‍ത്തിച്ച മാക്രോണ്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുഗമമായ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഗസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഫലസ്തീനികള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു. ഗാസയില്‍ സമാധാനം കൈവരിച്ചെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും അത് സാധിച്ചിട്ടില്ലെന്ന മാക്രോണിന്റെ പ്രസ്താവന വന്‍ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

നിര്‍മിതബുദ്ധിയുടെ അപകടങ്ങളെപ്പറ്റി സംസാരിച്ചാണ് മാക്രോണ്‍ പ്രസംഗം അവസാനിപ്പിച്ചത്. എ.ഐ നിയന്ത്രിക്കാനുള്ള ചര്‍ച്ചയില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങള്‍ക്കും അഭിപ്രായമില്ലെന്നും, അത് യു.എസിനും ചൈനയ്ക്കും ഒരു കൂട്ടം സ്വകാര്യവ്യക്തികള്‍ക്കും വിട്ടുകൊടുക്കേണ്ട കാര്യമല്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

Content Highlight: Choose international order over ‘law of the jungle’, urges Macron

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more