തെലുങ്ക് സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ദിവസം തന്നെ പുറത്തുവിടുന്ന സംഘത്തിന്റെ നേതാവ് ഇമ്മാടി രവിയെ കഴിഞ്ഞദിവസമാണ് ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. റിലീസിന്റെ തലേദിവസം പല സിനിമകളുടെയും എച്ച്.ഡി പതിപ്പായിരുന്നു ഇയാള്‍ പുറത്തുവിട്ടിരുന്നത്. ഇമ്മാടി രവിയുടെ അറസ്റ്റും തെലുങ്ക് സിനിമയില്‍ പൈറസി ഉണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ ചര്‍ച്ച.
ഇത്തരം പൈറസി ഗ്രൂപ്പുകള്‍ കാരണം തെലുങ്ക് ഇന്‍ഡസ്ട്രിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നാണ് ചിരഞ്ജീവി പറഞ്ഞത്. നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഇക്കൂട്ടര്‍ വരുത്തിവെച്ചെന്നും തന്റെ കുടുംബത്തിലെ രണ്ട് നടന്മാര്‍ ഇതിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മകന്‍ റാം ചരണ്‍ നായകനായ ഗെയിം ചേഞ്ചറും സഹോദരന്‍ പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലുവും ഇത്തരത്തില്‍ പൈറസി കാരണം പരാജയമായെന്നും ചിരഞ്ജീവി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈ പരാമര്‍ശം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വ്യാജ പതിപ്പ് റിലീസായില്ലായിരുന്നെങ്കില്‍ ഈ രണ്ട് സിനിമകളും ബ്ലോക്ക്ബസ്റ്ററായേനെയെന്നാണ് പലരും ചോദിക്കുന്നത്. തെലുങ്കിലെയെന്നല്ല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പരാജയമെന്ന മോശം റെക്കോഡാണ് ഗെയിം ചേഞ്ചര്‍ സ്വന്തമാക്കിയത്. 450 കോടിയിലൊരുങ്ങിയ ചിത്രം 270 കോടിയുടെ നഷ്ടമാണ് നിര്‍മാതാവിന് സമ്മാനിച്ചത്.
രാഷ്ട്രീയപ്രവര്‍ത്തനോടൊപ്പം സിനിമയും മുന്നോട്ടു കൊണ്ടുപോകുന്ന പവന്‍ കല്യാണിന്റെ ഹരിഹര വീരമല്ലു 200 കോടിയിലേറെ നഷ്ടമായിരുന്നു സമ്മാനിച്ചത്. ചിത്രത്തിലെ പവനിന്റെ പ്രകടനവും വിമര്‍ശിക്കപ്പെട്ടു. ഈ രണ്ട് സിനിമകളും പൈറസി ഇല്ലെങ്കിലും പരാജയമായേനെയെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്. 1000 രൂപ വരെ ടിക്ക്് റേറ്റ് വെച്ചാല്‍ ആരും തിയേറ്ററില്‍ വന്ന് സിനിമ കാണില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ആര്‍.ആര്‍.ആര്‍ എന്ന സിനിമ മുതല്ക്കാണ് റിലീസ് ദിവസത്തെ ടിക്കറ്റ് ഹൈക്ക് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ട്രെന്‍ഡായത്. സൂപ്പര്‍ താരങ്ങളുടെ സിനിമകളെല്ലാം ഇത്തരത്തില്‍ ടിക്കറ്റ് റേറ്റ് ഉയര്‍ത്തി കളക്ഷന്‍ കൂട്ടാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും പലരും ആരോപിക്കുന്നു. ഈ ട്രെന്‍ഡ് ഇല്ലാതായില്‍ പൈറസിയും കുറയുമെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുഷ്പ 2, സംക്രാന്തികി വസ്തുന്നാം, ലിറ്റില്‍ ഹാര്‍ട്‌സ് എന്നീ സിനിമകള്‍ പൈറസിയെ അതിജീവിച്ച് ഹിറ്റായെന്നും നല്ല കണ്ടന്റുകള്‍ വിജയിക്കുമെന്നും കമന്റുകളുണ്ട്. ഇമ്മാടി രവിയുടെ അറസ്റ്റിന് ശേഷം ടോളിവുഡില്‍ പൈറസിക്ക് അന്ത്യം കുറിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
Content Highlight: Chiranjeevi’s statement about piracy getting trolls