| Sunday, 26th April 2026, 7:12 pm

ഒറിജിനല്‍ മൈക്കല്‍ ജാക്‌സണെ കിട്ടിയില്ല, പകരം ചിരു ഗാരുവിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, വൈറലായി ചിരഞ്ജീവിയുടെ ത്രില്ലര്‍ 144p ഡാന്‍സ്

അമര്‍നാഥ് എം.

സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് മൈക്കല്‍ ജാക്‌സണിന്റെ ബയോപിക് മൈക്കല്‍ തിയേറ്ററുകളിലെത്തി. മൈക്കല്‍ ജാക്‌സണിന്റെ സഹേദരിപുത്രന്‍ ജാഫര്‍ ജാക്‌സണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മൈക്കല്‍ ജാക്‌സന്റെ ബാല്യം മുതല്‍ കൗമാരം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്.

മൈക്കല്‍ ജാക്‌സണ്‍ ആരാധകര്‍ക്ക് അങ്ങേയറ്റം ആവേശമാണ് ചിത്രം സമ്മാനിക്കുന്നത്. എം.ജെയുടെ ഐക്കോണിക് ഗാനങ്ങളായ ബീറ്റ് ഇറ്റ്, ത്രില്ലര്‍ തുടങ്ങിയവ ഈ ചിത്രത്തില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മൈക്കല്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നടത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയാണ്.

മൈക്കല്‍ ജാക്‌സന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ആല്‍ബമായ ത്രില്ലറിലെ സോംബി ഡാന്‍സ് അതേപടി കോപ്പിയടിച്ചുകൊണ്ടുള്ള ചിരഞ്ജീവിയുടെ ഡാന്‍സ് ട്രോളന്മാര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. ഡോങ്ക എന്ന ചിത്രത്തിലെ ‘ഗോലിമാര്‍’ എന്ന ഗാനം ത്രില്ലറിന്റെ കോപ്പിയാണ്. എം.ജെയുടെ അതേ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിരഞ്ജീവിയുടെ ഡാന്‍സും പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

‘മൈക്കല്‍ സിനിമ എന്ന് പറഞ്ഞ് വേറെ ഏതോ പടം ഡൗണ്‍ലോഡ് ചെയ്‌തെന്ന് തോന്നുന്നു’, ‘മൈക്കല്‍ ജാക്‌സണും ചിരഞ്ജീവിയും ചേര്‍ന്ന മൈക്കല്‍ ജീവിയാണ് ഇത്’, ‘കോപ്പിയടിക്ക് ഒരു ലിമിറ്റില്ലേ’ എന്നൊക്കെയാണ് എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ചിരഞ്ജീവിയുടെ ഡാന്‍സിന് ലഭിക്കുന്ന കമന്റുകള്‍.

മള്‍ട്ടിപ്ലെക്‌സ് ഭീമന്മാരായ പി.വി.ആറും ഈ വീഡിയോ കുത്തിപ്പൊക്കിയിട്ടുണ്ട്. ‘ഇതാണോ നമ്മളുദ്ദേശിച്ച മൈക്കല്‍‘ എന്നാണ് വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. ഹോളിവുഡ് സ്‌റ്റൈല്‍ ഗെറ്റപ്പില്‍ ലോക്കല്‍ ഡപ്പാം കൂത്ത് ഡാന്‍സ് ചെയ്യുന്ന ചിരഞ്ജീവിയെ ട്രോളന്മാര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ട്രോളുകള്‍ വരുമെന്നാണ് കരുതുന്നത്.

അതേസമയം റിലീസിന് മുമ്പ് ഉണ്ടായിരുന്ന ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ മൈക്കലിന് സാധിച്ചില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മൈക്കല്‍ ജാക്‌സന്റെ 1988 വരെയുള്ള കരിയര്‍ മാത്രമേ ചിത്രത്തില്‍ കാണിച്ചിട്ടുള്ളൂവെന്നത് പലരെയും നിരാശപ്പെടുത്തി. എന്നാല് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Chiranjeevi’s old dance video viral after Michael movie release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more