| Wednesday, 26th November 2025, 3:54 pm

സോറി ചിരഞ്ജീവി ഗാരൂ, തെലുങ്കിനെക്കാള്‍ മുന്നേ മലയാള സിനിമ ഈ ഐറ്റം വിട്ടതാ, വൈറലായി മൈ ഡിയര്‍ കുട്ടിച്ചാത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ കൊടമാ സിംഹം 4K റീ റിലീസിന് തയാറെടുക്കുകയാണ്. 1990ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ കൊടമാ സിംഹം വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ചിരഞ്ജീവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച.

കൊടമാ സിംഹത്തില്‍ റൊട്ടേറ്റിങ് റൂമില്‍ വെച്ച് എടുത്ത നൃത്തരംഗത്തെക്കുറിച്ച് ചിരഞ്ജീവി സംസാരിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. സിനിമക്ക് വേണ്ടി പ്രത്യേകമായി വലിയ റൂമിന്റെ സെറ്റ് നിരവധിയാളുകള്‍ ചേര്‍ന്ന് കറക്കിയെന്നും ക്യാമറ അതില്‍ ഘടിപ്പിച്ച് ഒറ്റ ടേക്കിലാണ് ആ സീന്‍ ചിത്രീകരിച്ചതെന്നും ചിരഞ്ജീവി പറഞ്ഞു.

Kodama Simham/ Screen grab from X

‘അന്നത്തെ കാലത്ത് അത് പുതിയൊരു പരീക്ഷണമായിരുന്നു. പിന്നീട് ഹോളിവുഡ് പടമായി ഇന്‍സെപ്ഷനിലും ആ ടെക്‌നിക് ഉപയോഗിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി അങ്ങനെയൊരു കാര്യം കൊണ്ടുവന്നത് തെലുങ്ക് സിനിമയാണ്. ഇപ്പോള്‍ ആ സീനുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ കാണാനാകും’ ചിരഞ്ജീവി പറയുന്നു.

എക്‌സില്‍ ഫിലിം ഫില്‍ട്ടേഴ്‌സ് എന്ന ചാനല്‍ ഈ വീഡിയോ പങ്കുവെച്ചതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. തെലുങ്കില്‍ ഇത്തരമൊരു ടെക്‌നിക് വരുന്നതിന് മുമ്പേ മലയാളസിനിമ ഈ പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ടെന്ന് ‘ദി ഐ.ടി ബോയ്’ എന്ന പേജ് മറുപടി നല്കി. ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനില്‍ ഇത്തരമൊരു രംഗമുണ്ടായിരുന്നെന്നും ഈ പേജ് ഓര്‍മിപ്പിച്ചു.

My Dear Kuttichathan/ Reddit image

നോളന്‍ ഇന്‍സെപ്ഷന്‍ എന്ന പടം ചെയ്യുന്നതിനും 26 വര്‍ഷം മുമ്പ് ഈയൊരു സീന്‍ മലയാളത്തില്‍ വന്നിട്ടുണ്ടെന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ പലരും കളര്‍ സിനിമയിലേക്ക് മാറാന്‍ ശ്രമിക്കുന്ന കാലമായിരുന്നു അതെന്നും ദി ഐ.ടി ബോയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പോസ്റ്റിന് താഴെ തെലുങ്ക് സിനിമാപ്രേമികള്‍ പലരും അവരുടെ നിരാശ കമന്റ് രൂപത്തില്‍ പങ്കുവെക്കുകയാണ്.

‘ഞങ്ങള്‍ക്ക് ചിരഞ്ജീവി ചെയ്തത് മാത്രമേ ഓര്‍മയുള്ളൂ, അതാണ് അദ്ദേഹം ഉണ്ടാക്കിയ ഇംപാക്ട്’, ‘മലയാള സിനിമ ഹോളിവുഡിനെ കോപ്പിയടിച്ച് ഉണ്ടാക്കിയ സീനാണിത്’ എന്നിങ്ങനെയാണ് പരിഹാസങ്ങള്‍. എന്നാല്‍ മലയാള സിനിമയെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും കാണാന്‍ സാധിക്കും. ‘ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി സിനിമയാണിത്. അതിന്റേതായ റേഞ്ചുണ്ട്’, ‘മറ്റ് ഇന്‍ഡസ്ട്രികള്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന പാന്‍ ഇന്ത്യന്‍ ടാഗ് ആദ്യമായി സ്വന്തമാക്കിയത് മലയാള സിനിമയാണ്’ എന്നിങ്ങനെയാണ് കമന്റുകള്‍.

Content Highlight: Chiranjeevi’s new video viral in social media

We use cookies to give you the best possible experience. Learn more