| Monday, 26th January 2026, 4:57 pm

സ്ത്രീകള്‍ സ്ട്രിക്റ്റായിരുന്നാല്‍ അതിക്രമമുണ്ടാകില്ലെന്ന് ചിരഞ്ജീവി, പൂജെ ഹെഗ്‌ഡേയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

പകുതി പ്രായമുള്ള നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്ന സീനിയര്‍ നടന്മാര്‍ ധാരാളമുള്ള ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി, രവി തേജ, വെങ്കടേഷ് തുടങ്ങിയ താരങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രസ്താവന അദ്ദേഹത്തിനെതിരായി ഉപയോഗിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

താരത്തിന്റെ പുതിയ ചിത്രമായ മന ശങ്കരവരപ്രസാദ ഗാരുവിന്റെ സക്‌സസ് മീറ്റിനിടെ തെലുങ്ക് ഇന്‍ഡസ്ട്രി നേരിടുന്ന ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ടോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പലരും ആരോപിക്കാറുണ്ടെന്ന് താരം പറഞ്ഞു. എന്നാല്‍ അതില്‍ പലതും അടിസ്ഥാനരഹിതമായവയാണെന്നും ഒന്നോ രണ്ടോ സംഭവം കാരണം മുഴുവന്‍ ഇന്‍ഡസ്ട്രിയെയും പഴി ചാരരുതെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീകളെല്ലാവരും സ്ട്രിക്ടായിട്ട് നിന്നാല്‍ ആരും മോശമായ രീതിയില്‍ സമീപിക്കില്ലെന്ന് ഉറപ്പാണ്. നിങ്ങളുടെ പേടിയാണ് പലരും ചൂഷണം ചെയ്യുന്നത്. അതിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കാസ്റ്റിങ് കൗച്ച് സംസ്‌കാരം തെലുങ്കില്‍ ഇല്ലെന്ന് തന്നെ ഞാന്‍ ഉറപ്പിച്ച് പറയും,’ ചിരഞ്ജീവിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ പലരും ഉപയോഗിക്കുകയാണ്.

ചിരഞ്ജീവിയെയും റാം ചരണിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ആചാര്യയുടെ പ്രൊമോഷന്‍ ഇവന്റിന്റെ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. ഇവന്റിനിടെ ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡേയെ ചിരഞ്ജീവി അനുവാദമില്ലാതെ ആലിംഗനം ചെയ്യുന്ന വീഡിയോ ചര്‍ച്ചയാവുകയാണ്. പരിപാടിയിലുടനീളം ചിരഞ്ജീവിക്കൊപ്പം നില്‍ക്കുന്നതില്‍ പൂജ അസ്വസ്ഥയാകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

സ്‌റ്റേജില്‍ നിന്ന് ഇറങ്ങാന്‍ നിന്ന പൂജ ഹെഗ്‌ഡേയെ ചിരഞ്ജീവി വിടാന്‍ കൂട്ടാക്കാതെ പിടിച്ചുനിര്‍ത്തുന്നതെല്ലാം വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് പലരും ചിരഞ്ജീവിയെ വിമര്‍ശിക്കുന്നത്. ചിരഞ്ജീവി മാത്രമല്ല, ബാലകൃഷ്ണയും ട്രോളന്മാരുടെ ഇരയായിട്ടുണ്ട്.

വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ ഹണി റോസ് സ്‌റ്റേജിലേക്ക് കയറുമ്പോള്‍ മുഖം കൊണ്ട് ബാലകൃഷ്ണ കാണിച്ച ചേഷ്ഠകളും വൈറലായിരുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സീനിയര്‍ നടന്മാരെല്ലാം ഒരുപോലെയാണെന്നും നടിമാരെ ചൂഷണം ചെയ്യുന്നവരാണെന്നും പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകള്‍ വൈറലായിട്ടുണ്ട്.

Content Highlight: Chiranjeevi getting criticism for his speech about casting couch

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more