| Friday, 14th November 2025, 11:21 am

ബീഹാറില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി എല്‍.ജെ.പി; 22 സീറ്റുകളില്‍ ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 1 സീറ്റില്‍ നിന്ന് 2025 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍, മത്സരിച്ച 29 മണ്ഡലങ്ങളില്‍ 22 സീറ്റിന്റെ ലീഡിലേക്കാണ് പാര്‍ട്ടിയുടെ കുതിപ്പ്.

ചിരാഗ് പാസ്വാന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തി മുന്നേറുകയാണ്.

ഗോവിന്ദ്ഗഞ്ച്, ദരൗലി, മഹുവ, ബൊചഹാന്‍, നാഥ്നഗര്‍, ഭക്തിയാര്‍പൂര്‍, ഫത്തൂഹ, ബോധ് ഗയ, ഗോബിന്ദ്പൂര്‍, ഷെര്‍ഗഹ്തി എന്നീ മണ്ഡലങ്ങളില്‍ എല്‍.ജെ.പി സ്ഥാനാര്‍ത്ഥികള്‍ കൃത്യമായ ലീഡ് ഉറപ്പാക്കുന്നുണ്ട്.

‘ബീഹാര്‍ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ തെരഞ്ഞെടുപ്പിനെ ചിരാഗ് പസ്വാന്‍ നേരിട്ടത്.

ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയത്തിലേക്ക് അടുക്കുമ്പോള്‍ 22 സീറ്റുകളുടെ ലീഡോടെ നിര്‍ണായക സ്വാധീനമായി മാറാന്‍ നിലവില്‍ എല്‍.ജെ.പി ആര്‍.വിക്ക് സാധിക്കിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചതായാണ് നിലവിലെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

വെറും 7 സീറ്റുകളില്‍ മാത്രം കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോഴാണ് എല്‍.ജെ.പി 22 മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നത്. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിലവില്‍ 35 സീറ്റുകളിലെ ലീഡിലേക്ക് ആര്‍.ജെ.ഡി ചുരുങ്ങിയിട്ടുണ്ട്.

81 സീറ്റുകളിലെ ലീഡുമായി ജെ.ഡി.യുവും 78 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്. സി.പി.ഐ.എം.എല്‍ നാല് സീറ്റിലും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നാല് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

2020ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 137 സീറ്റുകളില്‍ മത്സരിച്ച എല്‍.ജെ.പി (ആര്‍.വി)ക്ക് ഒരു സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അന്നും ജെ.ഡി.യുവിന്റെ വോട്ട് ഷെയറില്‍ കുറവ് വരുത്താന്‍ എല്‍.ജെ.പിക്ക് ആയിരുന്നു.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ പിറവിയെടുത്ത എല്‍.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക് ദളിത് വിഭാഗങ്ങളും പാസ്വാന്‍ സമുദായവുമാണ്.

എന്നാല്‍ നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയിലാണ്. റാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍.ജെ.പി ആര്‍.വിക്കാണ് ഇന്ന് സ്വാധീനം കൂടുതല്‍. മറ്റൊരു വിഭാഗത്തെ ചിരാഗിന്റെ അമ്മാവന്‍ പശുപതി കുമാര്‍ പരസാണ് നയിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ഇന്ന് അത്ര് സജീവമല്ല.

റാം വിലാസ് പാസ്വാന്റെ മരണശേഷം 2021 ലാണ് പാര്‍ട്ടി പിളരുന്നത്. ചിരാഗ് പാസ്വാനും പശുപതി കുമാര്‍ പരസും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. പിന്നീട് ചിരാഗ് പാസ്വാന്‍ നയിക്കുന്ന LJP(RV) ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും എന്‍.ഡി.എയുടെ ഭാഗമാകുകയും ചെയ്തു.

2020 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി ജെ.ഡി.യുവിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് വലിയവിവാദമായിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ മാത്രമേ അന്ന് എല്‍.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. 5.66 ശതമാനമായിരുന്നു പാര്‍ട്ടിയുടെ വോട്ട് ഷെയര്‍.

ഒരു സീറ്റ് മാത്രമാണ് നേടിയതെങ്കിലും എല്‍.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ പിളര്‍ത്തി പല മണ്ഡലങ്ങളിലും അവരുടെ വിജയസാധ്യത ഇല്ലാതാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ജെ.ഡി.യുവിന്റെ സീറ്റ് നില 43 ലേക്ക് കുറയാന്‍ ഒരു പ്രധാന കാരണമായതും ഇതായിരുന്നു.

Content Highlight: Chirag Paswan As LJP Leaps From 1 Seat In 2020 To 10 In Bihar Polls 2025, EC Data Shows

We use cookies to give you the best possible experience. Learn more