| Friday, 17th July 2026, 10:33 pm

'ചിന്ന ചിന്ന ആസൈ'യുമായി 'ബാലന്‍' ഒ.ടി.ടിയിലെത്തുന്നുണ്ട്... എവിടെ, എപ്പോള്‍ കാണാം

അമര്‍നാഥ് എം.

ഈ വര്‍ഷം റിലീസായവയില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ മലയാള ചിത്രങ്ങളാണ് ബാലനും ചിന്ന ചിന്ന ആസൈയും. മികച്ച സിനിമയായിരുന്നിട്ടും തിയേറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ രണ്ട് സിനിമകള്‍ക്കും സാധിക്കാതെ പോയി. ഇപ്പോഴിതാ രണ്ട് സിനിമകളും ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ഈ മാസം അവസാനത്തോടെയാണ് രണ്ട് സിനിമകളുടെയും സ്ട്രീമിങ് ആരംഭിക്കുക. മൂന്ന് ദിവസത്തെ ഇടവേളയില്‍ ഇരു സിനിമകളും ഒ.ടി.ടിയിലെത്തും. ജൂലൈ 28ന് ചിന്ന ചിന്ന ആസൈയും 31ന് ബാലനും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. ചിന്ന ചിന്ന ആസൈ ജിയോ ഹോട്‌സ്റ്റാറിലും  ബാലന്‍ സീ ഫൈവിലുമാണ് സ്ട്രീം ചെയ്യുക.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മലയാളസിനിമയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കഥയിലെ പുതുമ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മറ്റ് സിനിമകളില്‍ നിന്ന് ബാലന്‍ ഉയരത്തില് നില്‍ക്കുന്നുണ്ട്. പ്രധാനവേഷങ്ങളിലെത്തിയ പുതുമുഖങ്ങളുടെ പ്രകടനം പലരെയും അത്ഭതപ്പെടുത്തി.

അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കല്‍, ബാലന്റെ ചെറുപ്പം അവതരിപ്പിച്ച ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍ എന്നീ പുതുമുഖങ്ങള്‍ പ്രകടനം കൊണ്ട് കൈയടി നേടി. ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരും അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിയിലേറെയാണ് ബാലന്‍ സ്വന്തമാക്കിയത്.

നവാഗതയായ വര്‍ഷ വാസുദേവ് അണിയിച്ചൊരുക്കിയ ചിന്ന ചിന്ന ആസൈക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്ദ്രന്‍സ്, മധുബാല എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വാരണാസിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥ പറഞ്ഞ ഒന്നായിരുന്നു. വിഷ്ണു അഗസ്ത്യ, അപര്‍ണ ബാലമുരളി എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

മികച്ച പ്രതികരണം ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിന്ന ചിന്ന ആസൈക്ക് സാധിച്ചിരുന്നില്ല. ആകെ നാല് കോടിയില്‍ താഴെയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. തിയേറ്ററില്‍ ചലനമുണ്ടാക്കാതെ, ഒ.ടി.ടിയില്‍ ശ്രദ്ധ നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ ചിന്ന ചിന്ന ആസൈയും ഇടംപിടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Chinna Chinna Aasai and Balan announced OTT release date

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more