| Monday, 11th August 2025, 5:03 pm

വൈരമുത്തുവിനെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്, ദേശീയ അവാര്‍ഡ് ശരിയായില്ലെന്ന് ഉര്‍വശിയും പറഞ്ഞിരുന്നു: ചിന്മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച വൈരമുത്തുവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് ചിന്മയി. ലോകത്ത് ഇത്രയധികം ആളുകളുണ്ടായിട്ടും വൈരമുത്തു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തന്നോട് മാത്രം എന്തിനാണ് ചോദിക്കുന്നതെന്ന് ചിന്മയി മാധ്യമങ്ങളോട് ചോദിച്ചു. തന്നോട് ചോദിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പ്രതികരിച്ചു.

‘നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നോട് ഈ ചോദ്യം ചോദിക്കണമെന്ന് പറഞ്ഞുവിട്ടിട്ടുണ്ടാകും. ആ ചോദ്യത്തിന് എന്റെ റിയാക്ഷന്‍ എന്താണെന്നുള്ളതാണ് നിങ്ങളുടെ വരുമാനം. ഒരു സ്ത്രീയായിരുന്നിട്ടും നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിക്കുമെന്ന് വിചാരിച്ചില്ല. വൈരമുത്തു പറയുന്ന ഓരോ കാര്യത്തിനും ഞാന്‍ എന്തിനാണ് മറുപടി പറയേണ്ടത്. ഇത് ന്യായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ ചോദ്യത്തിന്റെ തന്നെ ആവശ്യമുണ്ടോ?’ ചിന്മയി ചോദിക്കുന്നു.

ഏഴ് വര്‍ഷമായി കേസിന്റെ കാര്യങ്ങളും മറ്റുമായി കോടതി കയറിയിറങ്ങുകയാണെന്ന് ചിന്മയി പറഞ്ഞു. അതിനെക്കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും ആര്‍ക്കും ആ വിഷയത്തെക്കുറിച്ച് അറിയേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷന്‍ തന്നെ ചവിട്ടിത്താഴ്ത്തിയതിനെക്കുറിച്ചും ആരും ചോദിക്കുന്നില്ലെന്നും ചിന്മയി പറയുന്നു.

‘ദേശീയ അവാര്‍ഡിനെതിരെ ഉര്‍വശിയും സംസാരിച്ചിരുന്നല്ലോ. അതിനെപ്പറ്റി എന്നോട് ചോദിച്ചുകൂടെ? വൈരമുത്തു പറഞ്ഞതിനെക്കുറിച്ച് മാത്രം എന്നോട് ചോദിക്കുന്നു. എന്താണ് അതില്‍ പോയിന്റ്? എന്തുകൊണ്ടാണ് എന്നെ ട്രിഗര്‍ ചെയ്യുന്നത്? ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്ത് ലാഭമാണ് കിട്ടുന്നതെന്ന് എന്നോട് പറയൂ,’ ചിന്മയി ചോദിച്ചു.

2018ലാണ് തമിഴ് ഗാരനരചയിതാവ് വൈരമുത്തുവിനെതിരെ ചിന്മയി മീടൂ ആരോപണം ഉന്നയിച്ചത്. എന്നാല്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വൈരമുത്തുവിനെതിരെ ചിന്മയി ആരോപണം ഉയര്‍ത്തിയപ്പോള്‍ എല്ലാവരും ചിന്മയിക്കെതിരെ തിരിഞ്ഞു. തമിഴ് സിനിമ ചിന്മയിക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി. പിന്നാലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷനും അവരെ തമിഴ് സിനിമയില്‍ വിലക്കി.

ഈ വര്‍ഷം നടന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിന് പിന്നാലെയാണ് ചിന്മയി വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ ചിന്മയി വേര്‍ഷന്‍ സമൂഹമാധ്യമത്തില്‍ തരംഗമായി. ഇന്‍സ്റ്റഗ്രാം റീലുകളില്‍ പല രീതിയില്‍ ഈ വേര്‍ഷന്‍ ട്രെന്‍ഡായി മാറി. സിനിമയിലെ ഒറിജിനല്‍ വേര്‍ഷനോടൊപ്പം ചിന്മയിയുടെ വേര്‍ഷനും അണിയറപ്രവര്‍ത്തകര്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിന്മയിയുടെ തിരിച്ചുവരവിനും ആ പാട്ട് കാരണമായി മാറി.

Content Highlight: Chinmayi reacts to the question about Vairamuthu asked by media

We use cookies to give you the best possible experience. Learn more