| Friday, 20th March 2026, 4:52 pm

96 ന്റെ കഥ നരേറ്റ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു; എനിക്ക് കിട്ടിയത് നല്ല അവസരമായിരുന്നു: ചിന്മയി

ഐറിന്‍ മരിയ ആന്റണി

ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന വ്യക്തിയാണ് ചിന്മയി ശ്രീപാദ. മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്താ പൂവേ’ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് ചിന്മയി പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ച അവര്‍ മൂന്ന് വട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. പ്രേം കുമാറിന്റെ സംവിധാനത്തില്‍ തൃഷയും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ 96എന്ന ചിത്രത്തെ സൂപ്പര്‍ ഹിറ്റാക്കിയതില്‍ ചിന്മയിയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

തൃഷക്ക് ശബ്ദം നല്‍കിയ ചിന്മയി സിനിമയിലെ ഗാനങ്ങളും ആലപിച്ചു. സിനിമ പോലെ തന്നെ ചിത്രത്തിലെ കാതലേ എന്ന ഗാനവും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 96 സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചിന്മയി.

‘പ്രേം സാര്‍ വിളിച്ചിട്ട് എനിക്ക് 96 സിനിമയുടെ നരേഷന്‍ തരാമെന്ന് പറഞ്ഞു, അപ്പോള്‍ ഞാന്‍ വിചാരിച്ചു എനിക്ക് എന്തിനാണ് സിനിമയുടെ നരേഷന്‍ തരുന്നത് എന്ന്. എന്തുകൊണ്ട് ഒരു ഗായികയായ എനിക്ക് സിനിമയുടെ നരേഷന്‍ തരുന്നു എന്നൊക്കെ ചിന്തിച്ചു.

ആരും സിനിമയുടെ പേര് പോലും പറഞ്ഞ് തന്ന് പതിവില്ല. അതുകൊണ്ട് പ്രേം സാര്‍ അങ്ങനനെ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായി. പിന്നെ പ്രേമിനെ എനിക്ക് അന്ന് അറിയില്ലായിരുന്നു. 96ന് ശേഷമാണ് പരിചയപ്പെട്ടത്,’ ചിന്മയി പറഞ്ഞു.

പിന്നീട് പ്രേം കുമാര്‍ തനിക്ക് സിനിമയുടെ നരേഷന്‍ തന്നുവെന്നും തൃഷക്ക് ശബ്ദം കൊടുക്കേണ്ടതും സിനിമയിലെ ഗാനങ്ങള്‍ പാടേണ്ടതും താനാണെന്ന് പറഞ്ഞുവെന്നും ചിന്മയി പറയുന്നു. ഇതിനു മുമ്പ് താന്‍ അങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ലെന്നും 96തനിക്ക് ശരിക്കും ഒരു നല്ല അവസരമാണ് നല്‍കിയതെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു. പിന്നീട് 96ന്റെ തെലുങ്ക് വേര്‍ഷനിലും ഡബ്ബ് ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

പ്രേം കുമാര്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച 96 ബോക്‌സ് ഓഫീസ് വിജയം നേടുകയും അന്യ ഭാഷകളില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളുപ്പെടുത്തിയിരുന്നു. ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlight: Chinmayi about the movie 96

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more