| Wednesday, 24th December 2025, 7:53 am

ചൈനീസ് വിസ കേസ്; കാര്‍ത്തി ചിദംബരം വിചാരണ നേരിടണമെന്ന് കോടതി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ചൈനീസ് വിസ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം വിചാരണ നേരിടണമെന്ന് ദല്‍ഹി റൗസ് അവന്യൂ പ്രത്യേക കോടതി. ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിലാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കൂടിയായ കാര്‍ത്തി ചിദംബരം വിചാരണ നേരിടേണ്ടി വരിക.

ഇടനിലക്കാരൻ വഴി 50 ലക്ഷം രൂപ വാങ്ങി 250ലധികം ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ പുതുക്കി നല്‍കിയെന്നാണ് കേസ്. പഞ്ചാബിലെ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ചട്ടങ്ങള്‍ ലംഘിച്ച് പ്രൊജക്ട് വിസ അനുവദിച്ചുവെന്നാണ് സി.പി.ഐയുടെ ആരോപണം.

നിലവില്‍ കാര്‍ത്തി ചിദംബരം അടക്കം ഏഴ് പേര്‍ക്കെതിരെ തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

കേസില്‍ സി.ബി.ഐ ഹാജരാക്കിയ തെളിവുകള്‍ ശക്തമാണെന്നും കൈക്കൂലിയായി കൊടുത്ത പണം കണ്ടെത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക ജഡ്ജി ദ്വിഗ് വിജയ് സിങ്ങാണ് കേസ് പരിഗണിച്ചത്. ജനുവരി 16ന് കേസ് വീണ്ടും പരിഗണിക്കും.

എസ്. ഭാസ്‌കരരാമന്‍, വിരാല്‍ മേത്ത, അനൂപ് അഗര്‍വാള്‍, മന്‍സൂര്‍ സിദ്ദിഖി, ചേതന്‍ ശ്രീവാസ്തവ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ചേതന്‍ ശ്രീവാസ്തവയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കാര്‍ത്തി ചിദംബരത്തിന്റെ സഹായിയാണ് എസ്. ഭാസ്‌കരരാമന്‍.

കേസിലെ ഒന്നാം പ്രതിയായ എസ്. ഭാസ്‌കരരാമനും രണ്ടാം പ്രതിയായ കാര്‍ത്തിയും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. 1988ലെ അഴിമതി നിരോധന നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകള്‍ അനുസരിച്ച് കാര്‍ത്തിക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു.

പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശേഷം 2024 ഒക്ടോബറില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Content Highlight: Chinese visa case: Court orders Karti Chidambaram to face trial

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more