| Wednesday, 23rd September 2020, 2:41 pm

കൊറോണ വൈറസ് വുഹാനില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന കാര്യം മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നു; ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ്. വൈറസ് വുഹാനില്‍ നിര്‍മ്മിച്ചതെന്ന കാര്യത്തെ മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്നാണ് ലീ യുടെ ആരോപണം.

വിയോണ്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയുള്ള ഈ പരാമര്‍ശം. കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി ചൈനീസ് സര്‍ക്കാരിന് നേരത്തേ അറിവുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിച്ചുള്ള ഗവേഷണത്തില്‍ താനും പങ്കാളിയായിരുന്നുവെന്നും ഈ സമയത്താണ് ശരിയായ വിവരം മൂടിവെയ്ക്കുന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.

എന്റെ അനുഭവത്തില്‍ നിന്നും ഇതുവരെയുള്ള അറിവുകളില്‍ നിന്നും പറയട്ടെ, ലോകത്തെ മുഴുവന്‍ സ്വാധീനിക്കാനുള്ള പണവും ശക്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അത് എത്രയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല- ലീ മെങ് പറഞ്ഞു.

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് ലി മിങ് വെളിപ്പെടുത്തിയിരുന്നു.
വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു.

ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ചൈനയില്‍ തന്നെയാണ് ഈ വൈറസിനെ നിര്‍മ്മിച്ചെടുത്തതെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലീ പറഞ്ഞിരുന്നു.

സത്യം അറിയാവുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ കയ്യിലുള്ള വിവിധ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നും തന്നെ പറ്റി മോശമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു. ജീവന് ഭീഷണിയുയര്‍ന്നതോടെ യു.എസിലേക്ക് പോകേണ്ടിവന്നുവെന്നും ലി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  chinese virologist allegations aganist WHO

We use cookies to give you the best possible experience. Learn more