| Wednesday, 18th February 2026, 1:06 pm

ചൈനീസ് റോബോഡോഗ് വിവാദം; ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എ.ഐ ഉച്ചകോടിയില്‍ നിന്നും പുറത്താക്കി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ചൈനീസ് റോബോഡോഗ് തങ്ങളുടേതെന്ന് അവകാശപ്പെട്ട് വിവാദത്തിലായ ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ നിന്നും പുറത്താക്കി. എന്നാല്‍ എ.ഐ ഉച്ചകോടിയില്‍ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഗാല്‍ഗോട്ടിയാസ് പ്രതികരിച്ചു.

സര്‍വകലാശാലയെ പവലിയനില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പവലിയനിലെ വൈദ്യുതി തടസപ്പെടുത്തിയതായാണ് വിവരം.

ഓറിയോണ്‍ എന്ന പേരിലാണ് സര്‍വകലാശാല റോബോട്ടിനെ അവതരിപ്പിച്ചത്. പ്രൊഫ. നേഹ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അവതരണം. സര്‍വകലാശാലയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് റോബോട്ടിനെ വികസിപ്പിച്ചതെന്ന് ഇവര്‍ വാദിച്ചിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയതോടെ റോബോഡോഗ് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിര്‍മിച്ച യൂണിട്രീ ഗോ2 മോഡലാണെന്ന് നെറ്റിസണ്‍സ് കണ്ടെത്തി. ഈ മോഡല്‍ ഏകദേശം 2,800 ഡോളറിന് (2.3 ലക്ഷം രൂപ) വാങ്ങാന്‍ കഴിയുമെന്നും നെറ്റിസണ്‍സ് പറയുന്നു.

അതേസമയം റോബോഡോഗിനെ തങ്ങള്‍ വികസപ്പിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്നാണ് ഗാല്‍ഗോട്ടിയാസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് റോബോട്ടിനെ വാങ്ങിയതെന്നും ഭാവിയില്‍ ഇതുപോലൊന്ന് നിര്‍മിക്കുമെന്നും സര്‍വകലാശാല പ്രസ്താവനയിറക്കി.

എന്നാല്‍ 350 കോടി രൂപയുടെ എ.ഐ പദ്ധതിക്ക് കീഴിലാണ് റോബോട്ടിനെ വികസിപ്പിച്ചെടുത്തതെന്നായിരുന്നു സര്‍വകലാശാലയുടെ അവകാശവാദം.

ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് എക്സ്പോ 2026ന്റെ ഭാഗമായാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് എ.ഐ ഉച്ചകോടിയും സംഘടിപ്പിച്ചത്.

എക്‌സ്‌പോയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം  ഉയര്‍ത്തുന്നത്. ചൈനീസ് നിര്‍മിതികള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ ഫോട്ടോ എടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരക്കിട്ട വരവ് കാരണം എല്ലാവരും ദുരിതത്തിലായെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.

സ്ഥാപനങ്ങളുടെ ഉടമകള്‍ വന്‍തുക മുടക്കിയെങ്കിലും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചില്ലെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമായെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.

ഉച്ചകോടിയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ഉണ്ടായ വീഴ്ച, ഭക്ഷണം, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ ക്രമീകരണം സംബന്ധിച്ചും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി.

Content Highlight: Chinese robodog controversy; Galgotias University expelled from AI summit

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more