ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലാദ്യമായി 100 മില്യണ്‍ (10 കോടി) അംഗത്വത്തിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടിയിലെ അംഗങ്ങളാണ്. 2024 അവസാനത്തോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) 10 കോടി മെമ്പര്‍ഷിപ്പിലേക്ക് എത്തിയത്.
സി.സി.പിയുടെ ഓര്‍ഗനൈസേഷന്‍ വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. നാളെ (ചൊവ്വ) പാര്‍ട്ടിയുടെ 104ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തിലധികം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ 8.78 കോടി ജനങ്ങളാണ് സി.സി.പിയില്‍ അംഗങ്ങളായുണ്ടായിരുന്നത്. അതേസമയം 2023നേക്കാള്‍ 1.1 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021ല്‍ 3.7 ശതമാനം വര്‍ധനവാണ് സി.സി.പിയുടെ മെമ്പര്‍ഷിപ്പില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 30.9 ശതമാനം സ്ത്രീകളാണ് സി.സി.പി അംഗത്വം സ്വീകരിച്ചത്. ഇത് മൊത്തം അംഗത്വത്തിന്റെ 30.9 ശതമാനം വരും. 2023ല്‍ അത് 30.4 ശതമാനവും 2021ല്‍ 29.4 ശതമാനവുമായിരുന്നു. ഇതിനേക്കാളുപരി പാര്‍ട്ടിയുടെ മൊത്തം അംഗങ്ങളില്‍ ഏകദേശം 33 ശതമാനം തൊഴിലാളികളും കര്‍ഷകരുമാണ്.
എന്നാല്‍ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ അനുപാതം 7.7 ശതമാനമായി തുടരുകയാണ്. അതേസമയം സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പാര്‍ട്ടിയുമായി ബന്ധം വേണമെന്നിരിക്കെയാണ് കൂടുതല്‍ ആളുകളും പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ശന ഉപാധികളോടെയാണ് സി.സി.പി പാര്‍ട്ടി അംഗത്വം നല്‍കുന്നത്. ജോലിക്കാരില്‍ നിന്ന് അവരുടെ മാസശമ്പളത്തിന്റെ രണ്ട് ശതമാനം അംഗത്വ ഫീസായി പാര്‍ട്ടി കൈപ്പറ്റുന്നുണ്ട്.
കൂടാതെ 2024ന്റെ അവസാനത്തില്‍ 21.42 ദശലക്ഷം ആളുകള്‍ പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷ നല്‍കിയിരുന്നുവെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് 2023നെ അപേക്ഷിച്ച് 440,000 അപേക്ഷകരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇതിനുപുറമെ 2024 അവസാനത്തോടെ 5.25 ദശലക്ഷം പ്രാഥമികതല സ്ഥാപനങ്ങളായിരുന്നു സി.സി.പിക്ക് കീഴിലുണ്ടായിരുന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 74,000ത്തിന്റെ വര്‍ധനവാണ്. 1921ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായത്.
Content Highlight: Chinese Communist Party membership reaches 100 million