| Saturday, 16th August 2025, 9:26 pm

ഞാന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം ചൈന തായ്‌വാനെ ആക്രമിക്കില്ല, ഷി ജിന്‍പിങ് ഉറപ്പ് നല്‍കി: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: താന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ചൈന തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉറപ്പ് നല്‍കിയതായി യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ചൈന തായ്‌വാനെ ആക്രമിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ഇവിടെയുള്ളിടത്തോളം അത് സംഭവിക്കാന്‍ സാധ്യതയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് നോക്കാം… താങ്കള്‍ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പ്രസിഡന്റ് ഷി എന്നോട് പറഞ്ഞു’ ട്രംപ് പറഞ്ഞു.

താന്‍ അത് അംഗീകരിക്കുന്നുവെന്ന് മറുപടി നല്‍കിയെന്നും താന്‍ വളരെ ക്ഷമയുള്ളവനാണെന്നും പറഞ്ഞ ട്രംപ് ചൈനയും വളരെ ക്ഷമയുള്ളവരാണെന്നും കൂട്ടിച്ചേർത്തു.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ഷീ ജിന്‍പിങ്ങും ട്രംപും ഫോണിലൂടെ സംസാരിച്ചിരുന്നു.

ഷി ജിന്‍പിങ് തന്നെ ഏപ്രിലില്‍ വിളിച്ചിരുന്നുവെന്ന് പറഞ്ഞുവെങ്കിലും ആ ഫോണ്‍ കോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.

തായ്‌വാനെ സ്വന്തം പ്രദേശമായിട്ടാണ് ചൈന കണക്കാക്കുന്നത്. തായ്‌വാനെ ചൈനയോട് ചേര്‍ക്കാന്‍ ബലം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചൈനയുടെ പരമാധികാര വാദങ്ങളെ തായ്‌വാന്‍ ശക്തമായി എതിര്‍ത്തിരുന്നു.

തായ്‌വാനെ പ്രാഥമിക ആയുധ വിതരണക്കാരനും അന്താരാഷ്ട്ര പിന്തുണക്കാരനുമാണ് അമേരിക്കയെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഔപചാരിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച വാഷിങ്ടണിലെ ചൈനീസ് എംബസി തായ്‌വാന്‍ വിഷയം ചൈന-യുഎസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും വളരെ കരുതലോടെ സമീപിക്കേണ്ട കാര്യമാണെന്നും വിശേഷിപ്പിച്ചിരുന്നു.

അതേസമയം, ട്രംപിന്റെ പ്രസ്താവനകളോട് തായ്‌വാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പിന്തുണക്ക് നന്ദിയുണ്ടെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രൊഗസീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.

തങ്ങളുടെ സുരക്ഷ ശത്രുവിന്റെ വാഗ്ദാനത്തെ ആശ്രയിച്ചാകരുതെന്നും സ്വന്തം പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതാണ് അടിസ്ഥാനപരമായ കാര്യമെന്നും തായ്‌വാന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ വിദേശകാര്യ സമിതിയിലെ വാങ് ടിങ്-യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Content Highlight: China will not attack Taiwan as long as I am president, Xi Jinping assured: Trump

We use cookies to give you the best possible experience. Learn more