| Wednesday, 18th March 2026, 10:16 am

പാക് - അഫ്ഗാൻ സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിക്കും: ചൈനീസ് വിദേശകാര്യ മന്ത്രാലയം

മുഹമ്മദ് നബീല്‍

ബെയ്‌ജിങ്‌: ആഴ്ചകളായി തുടരുന്ന പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ അയൽ രാജ്യമായ ചൈന മധ്യസ്ഥത വഹിക്കുമെന്നറിയിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞ ആഴ്ചകളിലായി പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഫോൺ വിളിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രലായ വക്താവ് ലിൻ ജിയാൻ എക്‌സിൽ പറഞ്ഞു.

ചൈനയുടെ അഫ്ഗാൻ പ്രതിനിധി അഫ്ഗാനിസ്ഥാനുമായും ചൈനയുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ലിൻ ജിയാൻ പറഞ്ഞു.

‘അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സംയമനം പാലിക്കുമെന്നും ശാന്തത കൈവിടില്ലെന്നും ചൈന പ്രത്യാശിക്കുന്നു. ഇരുരാജ്യങ്ങളും എത്രയും വേഗം നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുകയും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും വേണം,’ ലിൻ ജിയാൻ എക്‌സിൽ പ്രതികരിച്ചു.

ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫെബ്രുവരിയിൽ പാകിസ്ഥാൻ തുടങ്ങിവച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്.

തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ എന്ന ഭീകരസംഘടനയ്ക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നു എന്നാരോപിച്ചാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ ആക്രമണം തുടങ്ങിയത്. എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണം തള്ളിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ സ്ഥിരീകരിച്ചിരുന്നു എന്നാൽ തങ്ങൾ തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.

അഫ്ഗാനിസ്ഥാനിൽ വലിയ നിക്ഷേപമുള്ള ചൈനയ്ക്ക് ആക്രമണം എത്രയും പെട്ടന്ന് അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

Content Highlight: China will mediate in Pak-Afghan conflict: Chinese Foreign Minister

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more