| Friday, 8th August 2025, 6:19 pm

അഭ്യൂഹങ്ങള്‍ക്കിടെ എസ്.സി.ഒ ഉച്ചകോടിയിലേക്ക് മോദിക്ക് ചൈനയുടെ ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ നടക്കുന്ന എസ്.സി.ഒ (ഷാങ്ഹായ് സഹകരണ സംഘടന) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ടിയാന്‍ജിനിലേക്കാണ് ചൈന മോദിയെ സ്വാഗതം ചെയ്തിരിക്കുന്നത്.

ഈ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

എസ്.സി.ഒ ടിയാന്‍ജിന്‍ ഉച്ചകോടിക്കായി ചൈനയിലേക്ക് പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയില്‍ എസ്.സി.ഒയുടെ എല്ലാ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെടെ 20ല്‍ അധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുമെന്നും ഗുവോ ജിയാകുന്‍ പറഞ്ഞു.

കൂടുതല്‍ ഐക്യദാര്‍ഢ്യം, ഏകോപനം, ചലനാത്മകത, ഉല്‍പ്പാദനക്ഷമത എന്നിവ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന നിലവാരമുള്ള വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് എസ്.സി.ഒ പ്രവേശിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എസ്.സി.ഒ സ്ഥാപിതമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ടിയാന്‍ജിന്‍ ഉച്ചകോടിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള കൂടികാഴ്ചക്ക് ശേഷമാകും മോദി ചൈനയില്‍ എത്തുക. വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായാണ് മോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. ആഗസ്റ്റ് 31നാകും നരേന്ദ്ര മോദി എസ്.സി.ഒ ഉച്ചകോടിക്കായി ചൈനയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. 2018ലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി ചൈന സന്ദര്‍ശിച്ചത്. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത് 2024ല്‍ റഷ്യയിലാണ്.

2020ല്‍ ഇന്ത്യയുടെയും ചൈനയുടെയും ഇടയില്‍ നടന്ന സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. അതേസമയം ജൂണില്‍ നടന്ന എസ്.സി.ഒ മന്ത്രിതല യോഗങ്ങളില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും പങ്കെടുത്തിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ കനത്ത തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്.

Content Highlight: China welcomes Prime Minister Narendra Modi for the SCO summit

We use cookies to give you the best possible experience. Learn more