| Tuesday, 25th August 2026, 5:50 pm

ഇറാനെ ലക്ഷ്യമിട്ടുള്ള ഉപരോധം: യു.എസിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ചൈന

റെന്വര്‍ പി

ബെയ്ജിങ്: ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള യു.എസ് ഉപരോധത്തെ അപലപിച്ച് ചൈന. ഇറാന്റെ സാമ്പത്തിക ഉറവിടങ്ങളെ ലക്ഷ്യമിട്ടുള്ള ഉപരോധം ചൈനീസ് കമ്പനികള്‍ക്കെതിരെ നടപ്പാക്കിയാല്‍ യു.എസിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.

ചൈന തങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ട അവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലിന്‍ ജിയാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 60 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കുമെതിരായ സാമ്പത്തിക ഉപരോധ നടപടികള്‍ യു.എസ് സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് ഉപരോധത്തിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.

യു.എസിന്റെ ഉപരോധത്തിന് അന്താരാഷ്ട്ര നിയമ പ്രകാരം യാതൊരു അടിസ്ഥാനവുമില്ലെന്നും ഏകപക്ഷീയമാണ് അവരുടെ നടപടിയെന്നും ചൈന പ്രതികരിച്ചു. ‘അന്താരാഷ്ട്ര നിയമം പ്രകാരം യാതൊരു അടിസ്ഥാനവുമില്ലാത്തതും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതുമായ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങള്‍ക്കെതിരെ ചൈന പല അവസരങ്ങളിലും തങ്ങളുടെ ഉറച്ച എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്,’ ലിന്‍ ജിയാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂട് പ്രകാരമാണ് ചൈനയും ഇറാനും തമ്മിലുള്ള സഹകരണം എപ്പോഴും ഉണ്ടായിട്ടുള്ളത്. അത് തടസ്സപ്പെടുത്താനാവില്ലെന്നും ലിന്‍ പറഞ്ഞു. ‘സാഹചര്യം ലഘൂകരിക്കുകയും എത്രയും വേഗം സംഭാഷണത്തിലേക്കും ചര്‍ച്ചകളിലേക്കും മടങ്ങുകയും ചെയ്യുക എന്നതാണ് അടിയന്തരമായി വേണ്ടത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ഏറ്റവും വലിയ സാമ്പത്തിക ആക്രമണം എന്നായിരുന്നു ഉപരോധത്തെ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വിശേഷിപ്പിച്ചത്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അടക്കം എതിരായി എകണോമിക് ഡി ഡേ എന്ന പേരില്‍ സാമ്പത്തിക ഉപരോധ നടപടികള്‍ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രഷറി സെക്രട്ടറിയും കഴിഞ്ഞ വാരം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ (ഓഗസ്റ്റ് 24, തിങ്കള്‍) യു.എസ് ട്രഷറി വകുപ്പ് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലുള്ള സാമ്പത്തിക നടപടികളുടെ ഭാഗമായി 60 വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവയ്ക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

60 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ ചൈനീസ് ധനകാര്യ സ്ഥാപനങ്ങളെയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചൈനീസ് ധനകാര്യ സ്ഥാപനങ്ങളും ഉപരോധത്തിന്റെ പരിധിയില്‍ വരുമെന്ന് ട്രഷറി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ‘യു.എസ് ഉപരോധങ്ങളുടെ പരിധിക്ക് അപ്പുറമല്ല ആരും എന്ന് ഇന്ന് ഞങ്ങള്‍ ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് ചൈനീസ് ബാങ്കുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ബെസെന്റ് പറഞ്ഞത്.

സാമ്പത്തിക ഉപരോധത്തിന് പുറമെ ഇറാന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധങ്ങളും യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പ്രധാന സാമ്പത്തിക ഉറവിടങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഉപരോധമെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കിയത്. ഇറാന്റെ വ്യോമയാന രംഗം, ഡിജിറ്റല്‍ ആസ്തികള്‍, സാങ്കേതിക വിദ്യ, ഷിപ്പിങ് രംഗം എന്നിവയെ ലക്ഷ്യംവച്ചും 60 വ്യക്തികളെയോ സ്ഥാപനങ്ങളെയോ കപ്പുലുകളെയോ ലക്ഷ്യം വച്ചുമാണ് ഉപരോധമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരൈയായിരിക്കും എകണോമിക് ഡി ഡേ എന്ന പേരിലറിയപ്പെടുന്ന ഉപരോധമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ഇറാനുമായി ബിസിനസ് നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്നും യു.എസ് ഭീഷണിപ്പെടുത്തിയിരുന്നു.

‘ഇറാന്റെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക രക്ഷാമാര്‍ഗ്ഗം നല്‍കുന്ന ഏതൊരു രാജ്യവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,’ എന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

യു.എസിലെ ട്രംപ് ഭരണകൂടം ‘ഓപ്പറേഷന്‍ ഇക്കണോമിക് ഫ്യൂറി’ എന്ന പേരില്‍ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദ പ്രചാരണം നടത്തിവരുന്നതിനിടെയാണ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍ ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോഴായിരുന്നു ‘ഓപ്പറേഷന്‍ ഇക്കണോമിക് ഫ്യൂറി’ എന്ന പേരിലുള്ള സാമ്പത്തിക നടപടികളും ആരംഭിച്ചത്.

അതേസമയം തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള യു.എസ് ഉപരോധത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. യു.എസിന്റെ സാമ്പത്തിക സമ്മര്‍ദ്ദ നടപടികളെ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികള്‍ ചെറുത്തുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പ്രതികരിച്ചു.

യു.എസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് അന്താരാഷ്ട്ര നിയമം പ്രകാരം ഒരു അടിസ്ഥാനവുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘെയി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും എതിരാണ് യു.എസ് നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തങ്ങള്‍ക്കെതിരായ യു.എസിന്റെ സാമ്പത്തിക യുദ്ധത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാന്‍ പരമോന്നത സുരക്ഷാ സമിതി സെക്രട്ടറി മൊഹ്സെന്‍ റെസായിയും പറഞ്ഞിരുന്നു. ‘യു.എസിന്റെ സാമ്പത്തിക യുദ്ധത്തില്‍ പങ്കാളികളാവരുതെന്ന് അയല്‍ രാജ്യങ്ങളോട് ഞങ്ങള്‍ പറയുന്നു. അവര്‍ അങ്ങനെ ചെയ്താല്‍ അവരെ ശത്രുക്കളായി കണക്കാക്കും,’ റെസായി പറഞ്ഞു.

ഇതിനു മുമ്പും യു.എസിന്റെ എകണോമിക് ഡി ഡേ ഉപരോധത്തെ ചൈന അപലപിച്ചിരുന്നു. പ്രരോധങ്ങളും സമ്മര്‍ദ്ദങ്ങളും പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നില്ലെന്ന് ലിന്‍ ജിയാന്‍ ബീജിംഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

Content Highlight: China warns US against expanding Iran sanctions to Chinese firms

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more