ബീജിങ്: ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടിനോടുള്ള ആരാധന വെളിപ്പെടുത്തി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.
രാജ്യങ്ങളുടെ വലിപ്പമോ സമ്പത്തോ കണക്കാക്കാതെ എല്ലാവരേയും തുല്യരായി കാണുന്ന ആഗോള ഭരണത്തെ സംബന്ധിച്ച കാഴ്ചപ്പാടിനോട് ആരാധന തോന്നുന്നെന്നാണ് പെസസ്‌കിയാന്‍ പറഞ്ഞത്.
ബഹുധ്രുവ വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ലോകത്ത് ഇന്നുള്ള ഏകാധിപത്യത്തെ ചെറുക്കാന്‍ സാധിക്കണം. അത് ചൈനയോ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയും ഇറാനുമെല്ലാം ആഗോള സുരക്ഷയും സമാധാനവും വികസനവും നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടവരാണ്. ഈ ലക്ഷ്യങ്ങള്‍ക്കായി ചൈന പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇസ്രഈല്‍-അമേരിക്ക സഖ്യം മേഖലയില്‍ സാഹസികത തുടരും. പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളെയും സാധാരണക്കാരെയും ശാസ്ത്രജ്ഞരെയുമെല്ലാം ബോംബെറിഞ്ഞ് ഇല്ലാതാക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
ചൈനയും ഇറാനും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇരുരാജ്യങ്ങള്‍ക്കും വളരെ പുരാതനമായ ആഴത്തില്‍ വേരൂന്നിയ നാഗരികതയുടെ ചരിത്രം പറയാനുണ്ടെന്നും അദ്ദേഹം ചൈനയുടെ ഔദ്യോഗിക ചാനലായ സി.സി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പെസസ്‌കിയാന്‍ ലോകരാജ്യങ്ങളുടെ ഇരട്ടത്താപ്പിനെയും അഭിമുഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സിയോണിസ്റ്റ് സഖ്യം എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഓരോ നടപടികളുമെടുക്കുന്നത്. എന്നിട്ടും ആരും അവരെ തടയുന്നില്ലെന്നും പെസസ്‌കിയാന്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, മറ്റേതെങ്കിലും രാജ്യം എന്തെങ്കിലും നടുപടിയെടുക്കാന്‍ തുനിഞ്ഞാല്‍ എല്ലാ അന്താരാഷ്ട്ര സംഘടനകളും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെട്ട് മനുഷ്യാവകാശങ്ങളും നിയന്ത്രണങ്ങളുമെല്ലാം ഓര്‍മിപ്പിച്ച് ആ രാജ്യത്തെ കുറ്റപ്പെടുത്തും.
ഈ ലോകത്തിന്റെ മുന്നില്‍വെച്ച് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും ബ്ലോക്ക് ചെയ്ത് ഇസ്രഈല്‍ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ആഗോളമുഖമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രഈലിന്റെ ക്രൂരതകളെ എതിര്‍ക്കുന്നതിന് പകരം പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായും (ഐ.എ.ഇ.എ) നോണ്‍-പ്രോഫിലറേഷന്‍ ഉടമ്പടി(എന്‍.പി.ടി)യുമായും ഇറാന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവോര്‍ജ്ജ ഏജന്‍സിയെ ഇറാനില്‍ ആവശ്യമായ പരിശോധന നടത്താന്‍ അനുവദിച്ചിട്ടുണ്ടെന്നും ഒരുപാട് തവണ പല പരിശോധനകളും നടത്തിയിട്ടുണ്ടെന്നും പെസസ്‌കിയാന്‍ പറഞ്ഞു.
ഇറാന്റെ ആണവപ്രവര്‍ത്തനങ്ങള്‍ സമാധാനപരമാണെന്നും ആണവോര്‍ജ ഏജന്‍സിയുടെ ചട്ടക്കൂടുകള്‍ ലംഘിക്കാന്‍ പദ്ധതിയില്ലെന്നും ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാന്‍ പറഞ്ഞു. ചൈനയില്‍ വെച്ചുനടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതിനിടെയാണ് ചൈനീസ് ചാനലിന് പെസസ്‌കിയാന്‍ അഭിമുഖം നല്‍കിയത്.
Content Highlight: China treats nations as equals regardless of size or wealth: Iranian President