| Wednesday, 4th March 2026, 9:56 pm

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി ചൈന; പ്രത്യേക ദൂതനെ അയക്കും

അനിത സി

ബീജിങ്: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലാകെ പടര്‍ന്ന അശാന്തിക്ക് പരിഹാരം കാണാന്‍ മധ്യസ്ഥതയ്‌ക്കൊരുങ്ങി ചൈന.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പ്രത്യേക ദൂതനെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ വാങ് യി അറിയിച്ചു.

സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോണിലൂടെയുള്ള ചര്‍ച്ചകളിലാണ് വാങ് യി ചൈനയുടെ ഇടപെടല്‍ വാഗ്ദാനം ചെയ്തത്.

സൗദിയുടെ സംയമനത്തോടെയുള്ള സമാധാന ശ്രമങ്ങളെ പ്രശംസിക്കുന്നതായി വാങ് യി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിനോട് പറഞ്ഞു.

വിവേകരഹിതമായ ബലപ്രയോഗം എന്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ലെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെയ്ക്കുന്ന ഏതൊരു ആക്രമണത്തെയും അപലപിക്കണമെന്നും ചര്‍ച്ചയില്‍ വാങ് യി പറഞ്ഞു.

പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ചൈന ഒരു റെഡ് ലൈന്‍ ആയാണ് കണക്കാക്കുന്നതെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വാങ് യി അഭിപ്രായപ്പെട്ടു.

യുദ്ധം ഒരു കക്ഷിയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതല്ല. നയതന്ത്ര മാര്‍ഗങ്ങൡലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പ്രാദേശിക രാജ്യങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ ചൈന നിരന്തരം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞുവെന്ന് ചൈന ഡയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: China to mediate in middle east conflict; will send special envoy

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more