| Tuesday, 22nd September 2026, 4:54 pm

ഇറാന്‍ വിമാനക്കമ്പനികളെ ലക്ഷ്യംവെച്ചുള്ള ഉപരോധം: യു.എസ് നടപടി അപലപിച്ച് ചൈന

റെന്വര്‍ പി

തെഹ്‌റാന്‍: ഇറാന്‍ വിമാനക്കമ്പനികളെ ലക്ഷ്യം വെച്ച് ഉപരോധം ചുമത്താനുള്ള യു.എസ് നീക്കത്തെ അപലപിച്ച് ചൈന. ഇറാനിയന്‍ വിമാനക്കമ്പനികളുടെ ആഗോളതലത്തിലുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ചൈനയുടെ പ്രതികരണം.

യു.എസിന്റെ നിയമവിരുദ്ധമായ ഉപരോധങ്ങളെ അപലപിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമോ യു.എന്‍ രക്ഷാസമിതിയുടെ അംഗീകാരമോ ഇല്ലാത്ത നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങളാണ് യു.എസ് ചുമത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ചൈനയുടെ ഈ പ്രതികരണം. യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ചാണ് കൂടിക്കാഴ്ച.

ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് സേവനം നല്‍കുന്നത് തുടരുന്ന വിദേശ കമ്പനികള്‍ക്ക് മേല്‍ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്തുമെന്നായിരുന്നു യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്ന് ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാമെന്നും ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങളെ അടക്കം ലക്ഷ്യമിടുന്ന തരത്തിലാണ് ഉപരോധം. വിമാനക്കമ്പനികള്‍ക്കുള്ള ഇന്ധന വിതരണക്കാര്‍, ടിക്കറ്റിംഗ് കമ്പനികള്‍, മറ്റ് അനുബന്ധ ബിസിനസുകള്‍ എന്നിവയ്ക്കും ഈ ഉപരോധം ബാധകമാണെന്നും യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താലും അവര്‍ക്ക് ഇന്ധനമോ ലാന്‍ഡിംഗ് സേവനങ്ങളോ നല്‍കാനോ ടിക്കറ്റുകള്‍ വില്‍ക്കാനോ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഡോളര്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കുമെന്നും ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

യു.എസ് ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഇറാനെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന സാമ്പത്തിക സമ്മര്‍ദ്ദ നീക്കങ്ങളുടെ ഭാഗമാണ് ഈ പുതിയ ഉപരോധ നീക്കം. സെകന്‍ഡറി ഉപരോധങ്ങള്‍ക്ക് മുമ്പ് തന്നെ ഇറാന്‍ വിമാനക്കമ്പനികള്‍ക്കെതിരായ നേരിട്ടുള്ള യു.എസ് ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന യു.എസ് ഉപരോധം മൂലം ഇറാനിലെ വ്യോമയാന മേഖല ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സ്‌പെയര്‍ പാര്‍ട്‌സുകളും അറ്റകുറ്റപ്പണിക്കുള്ള സേവനങ്ങളും ലഭ്യമാക്കുന്നതിനും ഇത് തടസ്സമായിട്ടുണ്ട്.

Content Highlight: China slams US sanctions on Iran airlines as ‘illegal’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more