| Monday, 13th October 2025, 9:52 am

സാമ്പത്തിക യുദ്ധത്തിന് ഭയമില്ല; 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി ഇരട്ടത്താപ്പെന്ന് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി അമേരിക്കയുടെ ഇരട്ടത്താപ്പിന്റെ ഒന്നാംതരം ഉദാഹരണമാണെന്ന് ചൈനീസ് സര്‍ക്കാര്‍. വ്യാപാരയുദ്ധത്തെ ഭയപ്പെടുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ഭീഷണി നടപ്പാക്കിയാല്‍ ചൈനക്കും പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

‘താരിഫ് യുദ്ധങ്ങളില്‍ ചൈനയുടെ നിലപാട് സ്ഥിരതയുള്ളതാണ്. ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഭയവുമില്ല. മാഡ്രിഡില്‍ നടന്ന യുഎസ്-ചൈന സാമ്പത്തിക, വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം ചൈനയ്ക്കെതിരെ യു.എസ് തുടര്‍ച്ചയായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

യു.എസ് ഒന്നിലധികം ചൈനീസ് സ്ഥാപനങ്ങളെ, പ്രത്യേക കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ചൈന പറഞ്ഞു. അമേരിക്കയുടെ താരിഫ് പദ്ധതികള്‍ ഇരുപക്ഷവും തമ്മിലുള്ള വ്യാപാര സാമ്പത്തിക മേഖലയില്‍ ദോഷകരമായി ബാധിക്കുമെന്നും ഇത് ശരിയായ നടപടിയല്ലെന്നും ചൈന വാണിജ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ മുതല്‍ വാഷിങ്ടണ്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുകയാണെന്ന് ബീജിങ് ആരോപിച്ചു.

ലോകത്തെ അടിമത്തത്തില്‍ നിര്‍ത്താന്‍ ചൈനയെ ഒരു തരത്തിലും അനുവദിക്കരുതെന്നും ചൈനയുടെ നീക്കത്തെ യു.എസ് സാമ്പത്തികമായി പ്രതിരോധിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസ് പ്രതിരോധത്തിന് നിര്‍ണായകമായ ധാതുക്കള്‍, ഊര്‍ജ്ജം, ഇലക്ട്രിക് വാഹന വ്യവസായങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഒക്ടോബര്‍ ഒമ്പതിനാണ് ബീജിങ് പ്രഖ്യാപിച്ചത്.

ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച പ്രതികാരചുങ്കത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് മാസം ഇരു രാജ്യങ്ങളും പരസ്പരം തീരുവ കുറയ്ക്കാന്‍ സമ്മതിച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് തീരുവ 30 ശതമാനം കൂടിയപ്പോള്‍, ചൈനയിലേക്ക് പ്രവേശിക്കുന്ന യു.എസ് സാധനങ്ങള്‍ക്ക് 10 ശതമാനം തീരുവയാണ് നിശ്ചയിച്ചത്.

Content Highlight: China says Trump’s threat to impose 100 percent additional tariffs is double-edged

We use cookies to give you the best possible experience. Learn more