| Saturday, 5th July 2025, 8:37 am

ദലൈ ലാമയുടെ പിന്‍ഗാമി ആരാകണം? ഇന്ത്യയ്ക്ക് ചൈനയുടെ മറുപടി, ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത വേണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: തന്റെ പിന്‍ഗാമി ആരാരായിരിക്കണമെന്നത് ദലൈ ലാമയുടെ മാത്രം തീരുമാനമായിരിക്കണമെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന.

ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാനോ നിങ് പറഞ്ഞു. സിസാങ് എന്നാണ് ടിബറ്റിനെ ചൈന അഭിസംബോധന ചെയ്യാറുള്ളത്.

ദലൈ ലാമ

14ാമത് ദലൈ ലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ മനസ്സിലാക്കണമെന്നും സിസാങ്ങിനെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പ്രതിബദ്ധത മാനിക്കണമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണം. സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ബന്ധത്തില്‍ പ്രത്യാഘാതമുണ്ടാകുന്നത് ഒഴിവാക്കണമെന്നും നിങ് പറഞ്ഞു.

ദലൈ ലാമയുടെ പിന്‍ഗാമിയെ കുറിച്ചുള്ള തീരുമാനം പ്രസ്ഥാനവും ടിബറ്റന്‍ ബുദ്ധമതക്കാരുടെ നേതാവും സ്വീകരിക്കുമെന്നും അതില്‍ മറ്റാര്‍ക്കും തന്നെ പങ്കില്ലെന്നുമായിരുന്നു കിരണ്‍ റിജിജു പറഞ്ഞത്.

കിരണ്‍ റിജിജു

‘ദലൈ ലാമയുടെ സ്ഥാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത് കേവലം ടിബറ്റില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് ആ സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണ്. ആര് തന്റെ പിന്‍ഗാമിയാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധമത ആചാരങ്ങളും അത് അനുശാസിക്കുന്നു,’ റിജിജു പറഞ്ഞു.

ദലൈ ലാമയുടെ പിന്തുടര്‍ച്ചാവകാശ പദ്ധതി ചൈന തള്ളിയതിന് പിന്നാലെയാണ് റിജിജുവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ലാമയുടെ ഭാവിയിലെ പിന്‍ഗാമിക്ക് തങ്ങളുടെ അംഗീകാരം വേണമെന്നും ചൈന പറഞ്ഞിരുന്നു.

ദലൈ ലാമയുടെയും ടിബറ്റന്‍ ബുദ്ധമതത്തിലെ രണ്ടാമത്തെ പ്രധാന പുരോഹിതന്‍ പഞ്ചന്‍ ലാമയുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കേണ്ടത് കര്‍ശനമായ മതാചാരങ്ങളും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടായിരിക്കണമെന്ന് മാവോ നിങ് വ്യക്തമാക്കി.

സ്വര്‍ണ കലശത്തില്‍നിന്ന് നറുക്കെടുത്തും ചൈനയുടെ അംഗീകാരത്തോടെയും ആയിരിക്കണം പിന്‍ഗാമിയെ നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ദലൈ ലാമയെ തെരഞ്ഞെടുത്തതും ഇതേ രീതിയില്‍ തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോ നിങ്

അതേസമയം, തന്റെ പിന്‍ഗാമിയെ ലാമ തന്നെ തീരുമാനിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും ഭക്തരും ആഗ്രഹിക്കുന്നതെന്ന നിലപാട് റിജിജു ആവര്‍ത്തിച്ചു. എന്നാല്‍ താന്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്നും വിഷയത്തില്‍ തന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസങ്ങളും മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രം നിലപാടെടുക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്നായിരുന്നു ദലൈ ലാമയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ മറുപടി.

ഞായറാഴ്ച നടക്കുന്ന ദലൈലാമയുടെ 90ാം ജന്മദിനാഘോഷത്തില്‍ ഇന്ത്യാ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ബുദ്ധമത വിശ്വാസിയായ റിജിജുവും കേന്ദ്ര സഹമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. ജന്മദിന പരിപാടി മതപരമായ ചടങ്ങാണെന്നും അതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: China’s Message To India After Kiren Rijiju comments on Dalai Lama On Succession

We use cookies to give you the best possible experience. Learn more