| Friday, 10th October 2025, 8:22 am

ഫലസ്തീൻ ഭരിക്കേണ്ടത് ഫലസ്തീനിലെ മനുഷ്യർ: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ഫലസ്തീൻ ഭരിക്കേണ്ടത് ഫലസ്തീനിലെ മനുഷ്യരാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ. ഫലസ്തീനിൽ സമാധാനത്തിനായുള്ള ഏത് ശ്രമങ്ങളെയും ചൈന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിനോട് ചൈനയുടെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെയ്ജിങ്ങിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഗുവോ ജിയാകുൻ ഫലസ്തീനോടുള്ള പിന്തുണ ആവർത്തിച്ചത്.

ഗസയിൽ എത്രയും വേഗം സ്ഥിരമായ വെടിനിർത്തൽ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ഫലസ്തീനികൾ തന്നെ ഫലസ്തീൻ ഭരിക്കണം, ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കണം ചൈന ഇതിനെ പിന്തുണയ്ക്കുന്നു. സമഗ്രവും നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനും മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാനും ചൈന തയ്യാറാണ്,’ ഗുവോ ജിയാകുൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സുപ്രധാന അവസരമാണ് ഗസ സമാധാന കരാറിലൂടെയുള്ള വെടിനിർത്തലെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.

വിശ്വസനീയമായ രാഷ്ട്രീയ പാത മുന്നോട്ട് കൊണ്ടുപോകുന്നതിനും ഫലസ്തീനിലെ ഇസ്രഈൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം എക്സിൽ പറഞ്ഞിരുന്നു.

സമാധാനപദ്ധതിക്ക് മധ്യസ്ഥത വഹിച്ച അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും യു.എൻ മേധാവി പ്രശംസിച്ചു.

ഗസയിലെ പുനർനിർമാണങ്ങളും സഹായ വിതരണങ്ങളും വീണ്ടെടുക്കാനായി യു.എൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥം,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു

Content Highlight: China’s Foreign Ministry spokesman Guo Jiakun said that Palestine should be governed by the people of Palestine

We use cookies to give you the best possible experience. Learn more