| Saturday, 4th May 2019, 9:11 am

ചൈനയില്‍ 30 ലക്ഷത്തോളം മുസ്‌ലിങ്ങള്‍ 'കോണ്‍സന്‍ട്രേഷന്‍ ക്യാമ്പു'കളില്‍; ആരോപണവുമായി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചൈനയില്‍ 30 ലക്ഷത്തോളം മുസ്‌ലിങ്ങളെ ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പു’കളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി യു.എസ്. യു.എസ് പ്രതിരോധ വകുപ്പിലെ ഏഷ്യന്‍ നയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന റാന്‍ഡല്‍ ഷ്രിവറാണ് ചൈനയ്‌ക്കെതിരേ ഗുരുതരാരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ വൊക്കേഷണല്‍ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ മുസ്‌ലിം തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തേ ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലുണ്ടായിരുന്നവരില്‍ ചിലര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു സംസാരിച്ചത് ഏറെ വിവാദമായിരുന്നു. തങ്ങളെ ചോദ്യംചെയ്തത് വളരെ ക്രൂരമായിട്ടാണെന്നും അതു പലരെയും ആത്മഹത്യ ചെയ്യാന്‍ വരെ പ്രേരിപ്പിച്ചെന്നും അവരന്ന് പറഞ്ഞിരുന്നു.

സുരക്ഷാ സൈനികരെ ഉപയോഗിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിടുത്തെ മുസ്‌ലിങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുന്നതെന്ന് ഷ്രിഗര്‍ ആരോപിച്ചു. നാസി ജര്‍മനിയുമായാണ് അദ്ദേഹം ഇക്കാര്യത്തെ താരതമ്യം ചെയ്യുകയും ചെയ്തത്.

ഉയിഗൂര്‍ അടക്കമുള്ള മുസ്‌ലിം വിഭാഗങ്ങളോടാണ് ചൈന ഇതു ചെയ്യുന്നത്. ആകെ ഒരുകോടിയാണ് ചൈനയിലെ മുസ്‌ലിം ജനസംഖ്യ. അതില്‍ 30 ലക്ഷത്തോളം പേര്‍ ക്യാമ്പുകളിലാണെന്നും ഷ്രിഗര്‍ പറഞ്ഞു.

ചൈനയുടെ പ്രവൃത്തികള്‍ 1930-കളെ അനുസ്മരിപ്പിക്കുന്നുവെന്നായിരുന്നു യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്.

കഴിഞ്ഞമാസം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ എന്ന ആരോപണത്തെ അവ ബോര്‍ഡിങ് സ്‌കൂളുകളാണെു പറഞ്ഞുകൊണ്ടാണ് ഷിന്‍ജിയാങ് ഗവര്‍ണര്‍ നേരിട്ടത്.

നേരത്തേ ചൈനീസ് മുസ്‌ലിങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പത്തുലക്ഷത്തിലേറെ മുസ്‌ലിങ്ങള്‍ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more