| Thursday, 20th August 2026, 10:39 pm

ഇറാനെതിരായ സാമ്പത്തിക ഉപരോധം; ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ചൈന; പ്രഖ്യാപനം ചൈനയെ ബാധിക്കുമെന്ന് വിലയിരുത്തൽ

റെന്വര്‍ പി

ബെയ്ജിങ്: ഇറാനെ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച സാമ്പത്തിക നടപടികളെ എതിർത്ത് ചൈന. എകണോമിക് ഡി-ഡേ എന്ന പേരിലുള്ള സാമ്പത്തിക നിയന്ത്രണ നടപടികളായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ഈ നടപടികൾ പ്രശ്നപരിഹാരത്തിന് സഹായിക്കില്ല എന്ന് ചൈന പ്രതികരിച്ചു.

ഉപരോധങ്ങളും സമ്മർദ്ദങ്ങളും പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ബീജിംഗിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തിൽ പങ്കാളികളായ കക്ഷികളോട് ഉത്തരവാദിത്തമുള്ള നടപടികൾ സ്വീകരിക്കാനും നയതന്ത്രപരവും രാഷ്ട്രീയവുമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനം ചൈനയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ സാരമായി ബാധിക്കുമെന്നുമുള്ള വിശകലനങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഈ വിഷയത്തിൽ ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇറാനിയൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ ഒന്നാണ് ചൈന.

ഇറാനെതിരെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച കടുത്ത ഉപരോധങ്ങൾ ചൈനയെ ലക്ഷ്യം വച്ചുള്ളതാണ് എന്ന് ഖത്തറിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഗവൺമെന്റ് അസോസിയേറ്റ് പ്രൊഫസർ പോൾ മസ്‌ഗ്രേവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്ന് മസ്‌ഗ്രേവ് ചൂണ്ടിക്കാട്ടി. ചൈന ഇറാനെ ധാതു ഇന്ധനങ്ങൾക്കും എണ്ണകൾക്കും ജൈവ രാസവസ്തുക്കൾക്കും പ്ലാസ്റ്റിക്കുകൾക്കുമായി ആശ്രയിക്കുന്നു. ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും യു.എ.ഇ നിർത്തിവച്ചതിനുശേഷം, ചൈന അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ യു.എസും ചൈനയും ഇപ്പോൾ ഒരു സാമ്പത്തിക ശീതയുദ്ധത്തിലാണെന്നും അതിനാൽ ട്രംപ് ചൈനയുമായുള്ള സാമ്പത്തിക ബന്ധം അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മസ്‌ഗ്രേവ് പറഞ്ഞതായും അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തെ ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ ശ്രമമാണ് ഉപരോധ പ്രഖ്യാപനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം യു.എസിന് കൂടുതൽ പരാജയം മാത്രമേ വരുത്തൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പ്രസ്താവനയിലൂടെയായിരുന്നു ട്രംപ് എകണോമിക് ഡി-ഡേ എന്ന പേരിലുള്ള സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങളെയോ സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടുള്ളതാണ് ഉപരോധം.

മുമ്പൊരിക്കലുമില്ലാത്തവിധത്തിലുള്ള സാമ്പത്തിക യുദ്ധവും സാമ്പത്തികമായി ഒറ്റപ്പെടുത്തുന്ന നടപടിയുമായിരിക്കും ഇറാനെതിരെ പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധമെന്ന് ട്രംപ് പറഞ്ഞിരുന്നു. യു.എസുമായി കരാറുണ്ടാക്കാനുള്ള അവസരം വിനിയോഗിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ട്രൂത്ത് സോഷ്യൽ വഴി നടത്തിയ സാമ്പത്തിക ഉപരോധ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു.

ഇറാനെ സഹായിക്കുന്ന രാജ്യങ്ങളോ സ്ഥാപനങ്ങളോ ഗുരുതര പ്രത്യാഖാതം നേരിടേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ ഇറാന് സഹായം നൽകിയാൽ അവർ ഈ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറയുന്നു.

എണ്ണ കള്ളക്കടത്ത്, കറൻസി എക്സ്ചേഞ്ച് സൗകര്യങ്ങൾ, ക്യാഷ് ട്രാൻസ്ഫർ സംവിധാനം, കപ്പൽ രജിസ്ട്രികൾ തുടങ്ങിയവ ഇത് പ്രകാരം ഏറ്റവും വേഗം അടച്ച് പൂട്ടണമെന്നും ട്രംപ് പറയുന്നു. ഇറാന് സാമ്പത്തിക പിന്തുണ നൽകുന്ന സാമ്പത്തിക, വാണിജ്യ മാർഗങ്ങൾ വിച്ഛേദിക്കാനാണ് യു.എസ് ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

Content Highlight: China pushes back against Trump’s ‘Economic D-Day’ campaign against Iran

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more