| Saturday, 6th June 2026, 7:09 am

അമേരിക്കയുടേത് ധിക്കാരവും ആധിപത്യ മനോഭാവവും, ക്യൂബയ്ക്കെതിരായ ഉപരോധത്തില്‍ നിന്ന് ഉടന്‍ പിന്മാറണം; പൂര്‍ണ പിന്തുണയുമായി ചൈന

ആദര്‍ശ് എം.കെ.

ബീജിങ്: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനലിനും കാസ്‌ട്രോ കുടുംബാംഗങ്ങള്‍ക്കുമെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ സാമ്പത്തിക ഉപരോധങ്ങളെ ശക്തമായി എതിര്‍ത്ത് ചൈന.

അമേരിക്കയുടെ ഈ നടപടി അവരുടെ ആധിപത്യ മനോഭാവവും ധിക്കാരപരമായ പെരുമാറ്റവുമാണ് വെളിപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ക്യൂബയ്ക്കെതിരായ ഉപരോധങ്ങളും സമ്മര്‍ദ തന്ത്രങ്ങളും അമേരിക്ക ഉടന്‍ അവസാനിപ്പിക്കണമെന്നും, ക്യൂബന്‍ ജനതയുടെ അതിജീവനത്തിനുള്ള അവകാശത്തെ തടസപ്പെടുത്തരുതെന്നും ചൈന ആവശ്യപ്പെട്ടു.

ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് ചൈന എപ്പോഴും ക്യൂബയ്ക്ക് പിന്തുണ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ശൃംഖലയെ തകര്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉപരോധത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്.

കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തങ്ങളുടെ ‘വിഷലിപ്തമായ വിപ്ലവം’ കയറ്റുമതി ചെയ്യുന്നത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഭീഷണി മുഴക്കി.

ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍, അദ്ദേഹത്തിന്റെ ഭാര്യ, വളര്‍ത്തുമകന്‍ എന്നിവര്‍ക്ക് പുറമെ, റൗള്‍ കാസ്‌ട്രോയുടെ മകന്‍ അലക്‌സാണ്ടര്‍ കാസ്‌ട്രോ എസ്പിന്‍, ഒരു ചെറുമകന്‍ എന്നിവരെയാണ് അമേരിക്ക ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ക്യൂബന്‍ സൈനിക മന്ത്രാലയം (Ministry of the Revolutionary Armed Forces), കമ്മിറ്റീസ് ഫോര്‍ ദി ഡിഫന്‍സ് ഓഫ് ദി റെവല്യൂഷന്‍ (Committees for the Defense of the Revolution), ഐ.സി.എ.പി (ICAP) തുടങ്ങിയ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളും അമിസ്തൂര്‍ (Amistur) എന്ന ട്രാവല്‍ ഏജന്‍സിയും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പരിധിയില്‍ വരും.

ഉപരോധമേര്‍പ്പെടുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യു.എസ് അധികാരപരിധിയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. കൂടാതെ, അമേരിക്കന്‍ പൗരന്മാരോ കമ്പനികളോ ഇവര്‍ക്കൊപ്പം ബിസിനസ് ചെയ്യുന്നത് കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര ബിസിനസുകള്‍ ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ പിഴകള്‍ നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ക്യൂബയ്ക്കെതിരെ നടത്തുന്ന ‘പരമാവധി സമ്മര്‍ദ’ (Maximum Pressure) തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി. കടുത്ത സാമ്പത്തിക ഒറ്റപ്പെടുത്തലും ഇന്ധന ഉപരോധവും വഴി നിലവിലെ ക്യൂബന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ നീക്കം.

ക്യൂബയുടെ ഇന്ധന വിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള ഉപരോധങ്ങള്‍ ഇതിനകം തന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.

അമേരിക്കയുടെ ഈ നീക്കം ‘ക്രൂരമായ സാമ്പത്തിക കടന്നുകയറ്റമാണെന്ന്’ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ക്യൂബ ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് ഡിയാസ് കാനല്‍ പ്രതികരിച്ചു.

പതിറ്റാണ്ടുകളായി തുടരുന്ന യു.എസ് ഉപരോധം കൂടുതല്‍ കര്‍ശനമാക്കുന്നതിലേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നതിലേക്കുമാണ് ഈ പുതിയ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Content Highlight: China opposes US sanctions against Cuban President Miguel Diaz-Canel and members of the Castro family.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more