| Saturday, 14th June 2025, 11:06 am

ഇറാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്; രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന നടപടികളെ എതിര്‍ക്കും: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ചൈന. ഇറാനിലെ ആക്രമണങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ ലംഘിക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാനാണ് ചൈനയുടെ നിലപാട് അറിയിച്ചത്.

സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും സംഘര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നതിനെ ചൈന പിന്തുണക്കുന്നില്ലെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും അനുകൂലമായ നടപടി സ്വീകരിക്കാനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും ചൈന ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുന്നതായും ലിന്‍ ജിയാന്‍ പറഞ്ഞു. ഇന്നലെ (വെള്ളി) പുലര്‍ച്ചയോടെയാണ് ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷം വഷളായത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

ഈ നിര്‍ണായക നിമിഷത്തില്‍ ഇരുപക്ഷവും പരമാവധി സംയമനം പാലിക്കണമെന്ന് യു.എന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോയും അഭ്യര്‍ത്ഥിച്ചു. ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ അഭ്യര്‍ത്ഥന അനുസരിച്ച് ഇസ്രഈലിന്റെയും ഇറാന്റെയും പ്രതിനിധികളും ഉള്‍പ്പെട്ട 15 അംഗ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രഈലിന്റെ വാദങ്ങളെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. ആണവായുധങ്ങളിലേക്കുള്ള ഇറാന്റെ നീക്കം മേഖലയുടെയും യൂറോപ്പിന്റെയും കൂട്ടായ ഐക്യത്തിന് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാക്രോണ്‍ പിന്തുണ അറിയിച്ചത്.

അടുത്തിടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സംബന്ധിച്ച പ്രമേയം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യു.എന്‍ സമ്മേളനത്തില്‍ ചര്‍ച്ചക്കെടുക്കില്ലെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് നയതന്ത്രഞ്ജരും സമാനമായി പ്രതികരിച്ചു. എന്നാല്‍ ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ രണ്ട് മരണവും ഇറാനില്‍ 78 മരണവുമുണ്ടായിട്ടുണ്ട്. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി ഉള്‍പ്പെടെയാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയുടെ പിന്‍ഗാമിയായി മേജര്‍ ജനറല്‍ സെയ്ദ് അബ്ദുള്‍റഹിം മൗസവിയെ നിയമിച്ചിട്ടുണ്ട്.

Content Highlight: China is monitoring the situation; will oppose any actions that violate iran’s sovereignty: China

We use cookies to give you the best possible experience. Learn more