ഇസ്‌ലാമാബാദ്: മാസങ്ങളായി തുടരുന്ന പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുറന്നയുദ്ധത്തിലേക്ക്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കാണ്ഡഹാറിലും തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പാകിസ്ഥാന്‍ തുറന്നയുദ്ധം പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി തുറന്ന യുദ്ധത്തിലാണെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കാബൂള്‍, കാണ്ഡഹാര്‍, പക്തിയ തുടങ്ങിയ പ്രദേശങ്ങളിലെ അഫ്ഗാന്‍ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ ഡ്യൂറണ്ട് രേഖയില്‍ പാക് സൈന്യത്തിനെതിരെ അഫ്ഗാന്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുകയാണെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദും അറിയിച്ചു.
ഇസ്‌ലാമാബാദിലടക്കം നടന്ന സ്‌ഫോടനങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സായുധ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചത്. പിന്നാലെ അഫ്ഗാനും തിരിച്ചടിച്ചതോടെ മേഖലയില്‍ യുദ്ധം രൂക്ഷമായി.
അതേസമയം, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ചൈന രംഗത്തെത്തി. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ചൈന അറിയിച്ചു.
‘ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ചൈനയ്ക്ക് വളരെയധികം ആശങ്കയുണ്ട്. ചൈന സ്വന്തം മാര്‍ഗത്തിലൂടെ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ചൈന തയ്യാറാണ്’, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും പരസ്പരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പിരിഞ്ഞതിന് പിന്നാലെ ഡിസംബറോടെ വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
നിലവില്‍ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന യുദ്ധത്തില്‍ 133 അഫ്ഗാന്‍ താലിബാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്താവുല്ല തരാര്‍ പറഞ്ഞു. രണ്ട് പാകിസ്ഥാന്‍ സസൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തരാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, എട്ട് താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായുമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ട വിവരം.
കൂടാതെ, 55 പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും അഫ്ഗാന്‍ താലിബാന്‍ വക്താവ് അവകാശപ്പെട്ടു.
ഒരു ഡസനിലധികം പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും 19 ചെക്ക് പോസ്റ്റുകളും രണ്ട് സൈനിക താവളങ്ങള്‍ നശിപ്പിച്ചതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Content Highlight: China expresses deep concern over Pakistan’s declaration of open war on Afghanistan; mediation efforts have begun