| Tuesday, 13th January 2026, 8:22 am

ഇറാനെതിരെ അമേരിക്കയുടെ ആക്രമണ ഭീഷണി; വിമര്‍ശനവുമായി ചൈന

ആദര്‍ശ് എം.കെ.

ബെയ്ജിങ്: ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക കൈകടത്തുന്നതിനെതിരെ വിമര്‍ശനവുമായി ചൈന. ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനില്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

”മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതിനെ ഞങ്ങള്‍ എല്ലായ്‌പ്പോഴും എതിര്‍ക്കുന്നവരാണ്, എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് എല്ലാ കക്ഷികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബലപ്രയോഗത്തിലൂടെയുള്ള കടന്നുകയറ്റങ്ങളെയോ അത്തരം ഭീഷണികളെയോ ഞങ്ങള്‍ എതിര്‍ക്കുന്നു. മധ്യേഷ്യയില്‍ സമാധാനവും സ്ഥിരതയും പുലരുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ മാവോ നിങ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തുടരുന്ന ബുദ്ധിമുട്ടുകളും ആഭ്യന്തര പ്രശ്‌നങ്ങളും മറികടന്ന് ഇറാനില്‍ സ്ഥിരത നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ചൈന വ്യക്തമാക്കി.

ഇറാനിലെ സ്ഥിതിഗതികള്‍ തന്റെ ഭരണകൂടം വളരെ ഗൗരവമായി നോക്കിക്കാണുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഇറാനെ പിന്തുണച്ച് ചൈന രംഗത്തെത്തിയത്.

‘സൈന്യം ഇക്കാര്യം പരിശോധിക്കുകയാണ്. ഞങ്ങള്‍ വളരെ ശക്തമായ ചില ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്. വൈകാതെ ഞങ്ങള്‍ ഒരു തീരുമാനമെടുക്കും,’ എന്നായിരുന്നു ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്.

അമേരിക്കയ്‌ക്കെതിരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ മുമ്പ് ഒരിക്കലുമുണ്ടാകാത്ത തരത്തില്‍ തിരിച്ചാക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ വീണ്ടും താരിഫ് ആയുധമാക്കാനും ട്രംപ് ഭരണകൂടം ഒരുങ്ങുകയാണ്. ടെഹ്‌റാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം തീരുവ ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി.

ഇറാനില്‍ കഴിഞ്ഞ മാസം സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം പതിയെ അക്രമാസക്തമാവുകയായിരുന്നു. യു.എസ് – ഇസ്രഈലി ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ചില കലാപകാരികള്‍ അതിക്രമിച്ചു കയറി സുരക്ഷാ സേനയെ കൊലപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയുമായിരുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള അമേരിക്കയുടെയും ഇസ്രഈലിന്റെയും ചാര ഏജന്‍സികളാണ് സായുധ കലാപകാരികള്‍ക്ക് പരിശീലനം നല്‍കിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞിരുന്നു.

തങ്ങളുടെ ഇതുവരെയുള്ള കണ്ടെത്തലുകളില്‍ നിന്നും വിദേശ ഇടപെടല്‍, പ്രത്യേകിച്ച് അമേരിക്കക്കാരുടെയും സയണിസ്റ്റുകളുടെയും ഇടപെടലുണ്ടായെന്ന് വ്യക്തമായതായി ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞിരുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ ഭീകരയുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തീവ്രവാദ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, കടകള്‍ എന്നിവയെയാണ് ലക്ഷ്യം വെച്ചതെന്ന് ഇറാനിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. കലാപകാരികള്‍ക്കിടയില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അധികൃതരുടെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: China criticizes US interference in Iran’s internal affairs.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more