| Friday, 20th June 2025, 8:45 am

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കല്ലെന്ന് ചൈനയും റഷ്യയും; ഫോണില്‍ സംസാരിച്ച് പുടിനും ഷി ജിന്‍പിങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഇറാന്‍ ആണവസമ്പൂഷ്ടീകരണം നടത്തുന്നത് സൈനിക ആവശ്യങ്ങള്‍ക്കല്ലെന്നാണ് ചൈനയും റഷ്യയും വിശ്വസിക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഉഷാകോവ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തിനോ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കോ സൈനിക പരിഹാരമില്ലെന്നാണ് മോസ്‌കോയും ബെയ്ജിങ്ങും വിശ്വസിക്കുന്നതെന്നും ഇത് രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂവെന്നും ഉഷാകോവ് പറഞ്ഞു.

ഇറാനും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ ഷി ജിന്‍പിങ്ങിനോട് ഫോണ്‍ കോളില്‍ പറഞ്ഞതായും ഇക്കാര്യത്തെ ഷി ജിന്‍പിങ് സ്വാഗതം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ തന്നെ പുടിന്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ റഷ്യയും ചൈനയും സമാനമായ സമീപനങ്ങളാണ് സ്വീകരിച്ചതെന്നും ഇസ്രഈലിന്റെ നടപടികളെ ശക്തമായി ഇരു രാജ്യങ്ങളും അപലപിച്ചതായും ഉഷാകോവ് പറഞ്ഞു.

യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങളും ലംഘിക്കുന്ന ഇസ്രഈലിന്റെ നടപടികളില്‍ ശക്തമായി അപലപിക്കുന്നുവെന്നും ഉഷാകോവ് കൂട്ടിച്ചേര്‍ത്തു.

ഷി ജിന്‍പിങ്ങുമായി ഒരു മണിക്കൂറോളം നീണ്ടുനിന്ന ഫോണ്‍ സംഭാഷണം സൗഹൃദപരവും ക്രിയാത്മകവുമായിരുന്നുവെന്നും ഉഷാകോവ് പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനുമായും ഇസ്രഈല്‍ പ്രധാനമന്ത്രിയുമായും കഴിഞ്ഞ ആഴ്ച ഫോണ്‍ സംഭാഷണം നടത്തിയതിനെ കുറിച്ചും പുടിനും ഷി ജിന്‍പിങ്ങും സംസാരിക്കുകയുണ്ടായി.

വരും ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിക്കാമെന്ന് പുടിനും ഷിയും സമ്മതിച്ചതായും ഉഷാക്കോവ് പറഞ്ഞു.

നേരത്തെ തന്നെ ഇറാനും ഇസ്രഈലും തമ്മിലുള്ള വിഷയത്തില്‍ പുടിന്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇറാനിലെ സഹോദരങ്ങള്‍ കരുതിയിരിക്കണമെന്നും നയതന്ത്ര പരിഹാരം കാണണമെന്നും പുടിന്‍ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും വ്ളാദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു.

ഇസ്രഈലിന്റെ സുരക്ഷയ്ക്കും ഇറാന്റെ ആണവ നയങ്ങളെയും ബഹുമാനിക്കുന്ന ഒരു നയതന്ത്ര പരിഹാരത്തിനും പുടിന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതൊരു സൂക്ഷ്മമായ പ്രശ്നമാണെന്നും എന്നാല്‍ തന്റെ കാഴ്ചപ്പാടില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും പുടിന്‍ പറയുകയുണ്ടായി.

ഏഴ് ദിവസമായി ഇസ്രഈലും ഇറാനും തമ്മിലുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിലെ 639 പേര്‍ കൊല്ലപ്പെടുകയും 1320 ഓളം പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ അവസാന അപ്ഡേറ്റ് 224 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു. ഇസ്രഈലില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Content Highlight: China and Russia say Iran’s nuclear tests are not for military purposes; Putin and Xi Jinping speak over the phone

We use cookies to give you the best possible experience. Learn more