| Tuesday, 18th November 2025, 8:07 am

വീണ്ടും ചുവക്കാന്‍ ചിലി? ആദ്യ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഒന്നാമത്; രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ചിലി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്. ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിലവിലെ തൊഴില്‍ മന്ത്രിയുമായ ജെനറ്റ് ജാരയും തീവ്ര വലതുപക്ഷ വിഭാഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഹൊസെ അന്റോണിയോ കാസ്റ്റും തമ്മിലാണ് പ്രധാന മത്സരം. തീവ്ര വലതുനേതാവ് ജോഹന്നാസ് കൈസറും മത്സരരംഗത്തുണ്ട്.

ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ജെനറ്റ് ജാരയാണ് മുമ്പില്‍. എല്ലാവര്‍ക്കും വീട് ഉറപ്പാക്കും, സമൂഹിക സുരക്ഷാ പെന്‍ഷന്‍ ഏര്‍പ്പെടുത്തും, വൈദ്യുതി ബില്‍ നിരക്ക് കുറയ്ക്കും, മിനിമം വേതനം ഉയര്‍ത്തും തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജെനറ്റ് ജാര തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ജെനറ്റ് ജാര

എട്ട് സ്ഥാനാര്‍ത്ഥികളാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 26.08 ശതമാനവും ജെനറ്റ് ജാരയുടെ പെട്ടിയിലെത്തി. ഹോസെ അന്റോണിയോ കാസ്റ്റ് 23.09 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

ഹോസെ അന്റോണിയോ കാസ്റ്റ്

വലത് നേതാവ് ഫ്രാങ്കോ പരിസി 19.7 ശതമാനം വോട്ട് പിടിച്ചപ്പോള്‍ ജോഹനാസ് കൈസര്‍ 13.9 ശതമാനം വോട്ടും സ്വന്തമാക്കി. ഇന്‍ഡിപെന്‍ഡന്റ് ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് എവ്‌ലിന്‍ മറ്റേയാണ് അഞ്ചാമത്. 12.4 ശതമാനം വോട്ടുകളാണ് എവ്‌ലിന്‍ മറ്റേ പിടിച്ചത്.

ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളെല്ലാം തന്നെ ഒന്നാം ഘട്ടത്തില്‍ ജെനറ്റ് ജാരയ്ക്ക് തന്നെയായിരുന്നു സാധ്യത കല്‍പിച്ചിരുന്നത്.

ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്ന 2021ലും ആദ്യ ഘട്ടത്തില്‍ ഒരാള്‍ക്ക് പോലും 50 ശതമാനം വോട്ടുകളും പെട്ടിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. നിലവിലെ പ്രസിഡന്റും ഇടത് നേതാവുമായ ഗബ്രിയേല്‍ ബോറിക്കിന് 25.75 ശതമാനം വോട്ടുകളാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കാന്‍ സാധിച്ചത്.

അന്നും ഹോസെ അന്റോണിയോ കാസ്റ്റ് തന്നെയായിരുന്നു പ്രധാന എതിരാളി. കാസ്റ്റ് ആദ്യ ഘട്ടത്തില്‍ 27.94 ശതമാനം വോട്ട് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ബോറികിന്റെ തിരിച്ചുവരവിനാണ് ചിലി സാക്ഷ്യം വഹിച്ചത്. 50 ശതമാനത്തിലേറെ വോട്ട് നേടിയ ബോറിക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം, നിലവിലെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ സാധിക്കാത്തതിന് പിന്നാലെ ഡിസംബര്‍ 14ന് ചിലി രണ്ടാം ഘട്ട വോട്ടെടുപ്പിനൊരുങ്ങുകയാണ്.

1.57 കോടി വോട്ടര്‍മാരാണ് ഇത്തവണ ചിലിയുടെ വിധിയെഴുതുന്നത്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം വലിയ പിഴ ഒടുക്കേണ്ടി വരും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 53 ശതമാനത്തോളം പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തിലാണ് നടപടി.

Content Highlight: Chile is heading to a second round of voting after no one received 50 percent of the vote in the presidential election.

We use cookies to give you the best possible experience. Learn more